കണ്ണൂര്‍ : കുലാലൻ സമുദായത്തിന്‍റെ പ്രധാന കുലത്തൊഴിലാണ് മൺപാത്ര നിർമാണം. കണ്ണൂരിലെ തൃച്ചംബരം, കണ്ണപുരം മേഖലയിലെ പ്രധാന കുടിൽ വ്യവസായം. എന്നാല്‍, നാൾക്കുനാള്‍ ചെല്ലുംതോറും മണ്ണോടലിഞ്ഞ് ചേരുകയാണ് ഈ തൊഴിൽ മേഖല.
കുലത്തൊഴിൽ, പ്രതിസന്ധിയുടെ പടുകുഴിലായിട്ടും നിലച്ചുപോകാതിരിക്കാൻ കഠിന പ്രയത്‌നത്തിലാണ് തൊഴിലാളികള്‍. കണ്ണപുരം മേഖലയിൽ മാത്രം ഈ സമുദായത്തില്‍പ്പെട്ടവരുടെ 230 വീടുകളാണുള്ളത്. എന്നാൽ, 15 കുടുംബങ്ങൾ മാത്രമാണ് ഇന്ന് ഈ തൊഴിൽ ചെയ്യുന്നത്.
കളിമണ്ണ് കിട്ടാതായതാണ് മൺപാത്ര നിർമാണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇരുപതിനായിരത്തിന് മുകളിലാണ് ഒരു ലോഡിന് വില. പുറമെ ചകിരിയും, വൈക്കോലും എല്ലാം കൂടിയാകുമ്പോൾ താങ്ങാനാവില്ല. വിഷുക്കാലമൊഴിച്ചാൽ മൺപാത്ര നിർമാണ മേഖലയ്ക്ക് കണ്ണീർ കഥകളാണ് പറയാനുള്ളത്. കാലം തെറ്റിയുള്ള മഴ കൂടിയാകുമ്പോൾ ഒഴുക്കില്‍പ്പെടുന്നത് ഇവരുടെ പ്രതീക്ഷകളത്രയുമാണ്.
നേരിടുന്ന പ്രതിസന്ധി കണ്ട് പുതുതലമുറ കുലത്തൊഴിലിനോട് ആഭിമുഖ്യം കാണിക്കുന്നില്ല. ഓട്ടുകമ്പനി ഉൾപ്പടെയുള്ള കളിമണ്‍ നിര്‍മാണ മേഖലയെ സംരക്ഷിക്കണം. അങ്ങനെ, കുലത്തൊഴിലിനോടൊപ്പം ഒരു നാടിന്‍റെ സംസ്‌കാരത്തെ കൂടി സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിനോട് തൊഴിലാളികള്‍ക്ക് പറയാനുള്ളത്.