കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിനെയും കെ.പി.സി.സി നേതൃത്വത്തെയും അദ്ദേഹം വിമുഖത അറിയിച്ചു. മുന്നൊരുക്കത്തിന് സമയം കിട്ടാത്തതിനാല്‍ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ധര്‍മടത്ത് ഇറങ്ങിയാല്‍ കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാനത്തെ മറ്റിടങ്ങളില്‍ പ്രചരണത്തിന് എത്താനും സാധിക്കില്ല.ധർമടത്ത് മത്സരിക്കാൻ യാതൊരു തയ്യാറെടുപ്പും എടുത്തിരുന്നില്ല. കെപിസിസിയുടെ ഭാഗത്തുനിന്നും അണികളുടെ ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ മത്സരിക്കേണ്ടെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനമെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ ആവിശ്യപ്പെട്ടിരുന്നെങ്കില്‍ ഇറങ്ങുമായിരുന്നു. അങ്ങനെയെങ്കില്‍ അട്ടിമറി സാധ്യമാകുമായിരുന്നു. പക്ഷേ ഈ ഘട്ടത്തില്‍ മത്സരിക്കാവുന്ന ചുറ്റുപാടല്ല. നേതൃത്വത്തിന്‍റെ തീരുമാനം താന്‍ ധിക്കരിക്കുകയല്ല. തന്നെ പരിഗണിച്ചതിന് നന്ദി അറിയിക്കുന്നു. ഡിസിസി സെക്രട്ടറി സി രഘുനാഥിനെയാണ് ധര്‍മടത്തേക്ക് നിര്‍ദേശിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.