കണ്ണൂർ: ഇരിട്ടിപായം-കരിയാൽ റോഡിലെ പൊടിശല്യവും കല്ല് തെറിക്കലും മൂലം പൊറുമുട്ടി നാട്ടുകാർ. റോഡിലൂടെയുള്ള യാത്രക്കിടയില്‍ കല്ല് തെറിച്ച് വിദ്യാർഥികൾക്ക് ഉൾപ്പെടെ പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്. നാലരക്കോടി രൂപ ചെലവിൽ നവീകരിക്കുന്ന റോഡിലെ ആദ്യഘട്ട പ്രവർത്തനം നടത്തിയ കാടമുണ്ട മുതൽ കരിയാൽ വരെയുള്ള മൂന്ന് കിലോമീറ്റർ റോഡാണ് ഇന്ന് കാൽനടയാത്രക്ക് പോലും കഴിയാത്ത സാഹചര്യമുള്ളത്.
ടാറിങ് നടത്തി നവീകരിച്ച റോഡ് പുതിയ പദ്ധതിയുടെ പേരിൽ ഒരു വർഷം മുമ്പാണ് വെട്ടിപൊളിച്ചത്. മഴക്കാലത്ത് റോഡിലൂടെ ചെളിനിറഞ്ഞ് യാത്ര ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. മഴക്കാലം കഴിഞ്ഞിട്ടും കരാറുകാരൻ പ്രവൃത്തി പുനരാരംഭിക്കാൻ തയ്യാറായില്ല. ഇതോടെ പൊടിശല്യം രൂക്ഷമായി. പൊടിശല്യം കാരണം പ്രദേശവാസികളില്‍ പലർക്കും അസുഖങ്ങളും പിടിപെട്ടു.
പായം ഗവ.യുപി സ്‌കൂളിലെ മുന്നിലൂടെയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. സ്‌കൂളിലേക്ക് വരുന്ന വഴിയിൽ വാഹനങ്ങൾ പോകുമ്പോൾ കുട്ടികൾക്ക് നേരെ കല്ലുകൾ തെറിക്കുന്നതും പതിവാണ്. റോഡിലൂടെ കാൽനടയാത്ര പോലും സാധിക്കാത്ത അവസ്ഥയാണെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. റോഡിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കലക്‌ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണെന്ന് പായം നാട്ടുകൂട്ടം സൗഹൃദ കൂട്ടായ്മ ഭാരവാഹി പറഞ്ഞു.
റോഡ് നിർമാണത്തിന് പേരിൽ കരാറുകാരൻ ജനങ്ങളെ വിഡ്ഢികളാക്കുന്നു. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പ്രവൃത്തി വൈകിപ്പിക്കുകയാണെന്നും കരാറുകാരന്‍റെ വീട്ടുപടിക്കൽ ഉൾപ്പെടെ നിരാഹാര സമരം തീരുമാനിച്ചിരിക്കുകയാണെന്നും പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയും അറിയിച്ചു.