കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും ചൂട് കൂടിയ ജില്ലകളിൽ ഒന്നാമതായി കണ്ണൂർ തുടരുകയാണ്. 39നും 42 നും ഇടയിലാണ് ജില്ലയിലെ വിവിധ ഇടങ്ങളിലെ ചൂട്. മട്ടന്നൂർ വിമാനത്താവളം ഇരിക്കൂർ, ഇരിട്ടി മേഖലകളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.
അപകടത്തോട് 'ആളില്ല' എന്ന് പറയാനാകുമോ: മാർച്ച് മാസം തുടങ്ങി കഴിഞ്ഞ ദിവസം വരെ ജില്ലയിൽ നൂറിലേറെ ഇടങ്ങളിൽ തീപിടിത്തവുമുണ്ടായി. തളിപ്പറമ്പ് മേഖലയിലാണ് തീപിടിത്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ജില്ലയിൽ വ്യവസായിക സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ള ഇടംകൂടിയാണ് തളിപ്പറമ്പ്. അഗ്നി രക്ഷാനിലയങ്ങളിൽ മതിയായ ജീവനക്കാർ ഇല്ലാത്തതും രക്ഷപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ എത്തിപ്പെടാൻ കഴിയാത്തതും സൗകര്യ കുറവും അപകടത്തിന്‍റെ വ്യാപ്‌തിയും വർധിപ്പിക്കുന്നു. എന്നാല്‍ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ദിനംപ്രതി വർധിക്കുമ്പോഴും ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ അധികൃതർ തയ്യാറാവുന്നില്ല. ജീവനക്കാർക്ക് അത്യാവശ്യം പോലും അവധിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കണ്ണൂർ, തളിപ്പറമ്പ്, പെരിങ്ങോം സ്‌റ്റേഷനുകളിൽ 10 വീതം ഫയർ ഓഫിസർമാരുടെ ഒഴിവുകളാണുള്ളത്.
നിര്‍ദേശങ്ങള്‍ ഏറെ: ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്തരീക്ഷ താപനിലയിലൂടെയാണ് കണ്ണൂർ കടന്നുപോകുന്നത് എന്നാണ് ട്രാഫിക് കൺട്രോളർ വിഭാഗവും അറിയിക്കുന്നത്. 11 മണി മുതൽ മൂന്നു മണി വരെ വെയിൽ കൊള്ളരുത് എന്ന നിർദേശമുണ്ട്. കുടിവെള്ളം ഉൾപ്പടെ വിതരണം ചെയ്‌താണ് ഡ്യൂട്ടി പോയിന്‍റുകളിൽ ഇവർ പിടിച്ചു നിൽക്കുന്നത്. ലൈഫ് ഗാർഡുകൾക്കും നിരത്തുകളിലെ ഡ്യൂട്ടി പൊലീസുകാർക്കും ജോലിസമയം കുറക്കാനുള്ള നിർദേശം കമ്മിഷണർ നൽകിയിട്ടുണ്ട് എന്ന് ട്രാഫിക് എസ്.ഐ വി.വി മനോജ് കുമാർ പറഞ്ഞു. കണ്ണൂർ നഗരത്തിൽ ഇത്തരത്തില്‍ 21 ഓളം ട്രാഫിക് പൊലീസ് പോയിന്‍റുകളാണുള്ളത്. ജില്ലയിലെ കൂൾബാറുകളിലും വഴിയോര തണ്ണീർമത്തൻ കടകളിലും വൻ തിരക്കാണ് ഇപ്പോഴുമുള്ളത്.
ജ്യൂസ് ബാറുകളില്‍ പരിശോധന: അതേസമയം സംസ്ഥാനത്തെ മുഴുവന്‍ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. അതത് ജില്ലകളിലെ ഭക്ഷ്യ സുരക്ഷ അസിസ്‌റ്റന്‍റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുകയെന്നും ജ്യൂസ് കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി സ്‌റ്റേറ്റ് ടാക്‌സ് ഫോഴ്‌സും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ തന്ന ചെറുകിട ജ്യൂസ് കടകളിലാകും പ്രധാനമായും പരിശോധനകളെന്നും അവര്‍ അറിയിച്ചിരുന്നു.
ജ്യൂസ് കടകളിൽ ശുദ്ധ ജലം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി പ്രസ്‌താവനയില്‍ അറിയിച്ചു. ജ്യൂസിനായി ഉപയോഗിക്കുന്ന ഐസ് പലപ്പോഴും അപകടങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ശുദ്ധ ജലത്തിൽ നിന്നല്ലാതെ ഉണ്ടാക്കുന്ന ഐസ് ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മലിന ജലത്തിൽ നിന്നുമുള്ള ഐസ് ഉപയോഗിക്കുന്നത് പലയിടത്തും വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നറിയിച്ച മന്ത്രി, വേനൽ ചൂടിൽ ആഹാര സാധനങ്ങൾ പെട്ടെന്ന് കേട് വരാൻ സാധ്യതയുണ്ടെന്നും അതിനാല്‍ ഭക്ഷ്യ വസ്‌തുക്കൾ കേട് വരാതിരിക്കാന്‍ കട ഉടമകളും ജീവനക്കാരും ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ജ്യൂസ് കടകള്‍ കൂടാതെ ഹോട്ടലുകള്‍, റെസ്‌റ്ററന്‍റുകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കായി ഭക്ഷ്യ പരിശോധന ലാബുകളുടെയും മൊബൈൽ ലാബുകളുടെയും സേവനം ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.