കണ്ണൂർ : ചുഴലിക്കാറ്റിൽ മലയോരത്ത് വ്യാപക നാശനഷ്‌ടം. അതിശക്തമായി വീശിയടിച്ച ചുഴലിക്കാറ്റ് ചെറുപഴ പഞ്ചായത്തിലെ ചുണ്ട, വയലായി, ചുണ്ടതട്ടുമ്മൽ എന്നിവിടങ്ങളിലാണ് വ്യാപക നാശമുണ്ടാക്കിയത്. കനത്ത മഴയ്‌ക്കിടെ അപ്രതീക്ഷിത ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകിയാണ് കൂടുതൽ അപകടങ്ങളുണ്ടായത്.
വയലായിൽ വെയിറ്റിങ് ഷെഡിന് മുകളിലേയ്ക്ക് മരം വീണ് 3 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മുല്ലക്കര സാജുവിന്‍റെ കോഴി ഫാമും പശുത്തൊഴുത്തും മരം വീണ് തകർന്നു. റബ്ബർ, തെങ്ങ്, കവുങ്ങ്, തേക്ക് എന്നിവയും നിലംപൊത്തി.
ശക്‌തമായ കാറ്റിൽ മരം വീണ് 2 ഇരുചക്രവാഹനങ്ങളും, ഒരു കാറും ഭാഗികമായി തകർന്നു. കെ.എസ്.ഇ.ബി ജീവനക്കാരൻ നൗഷാദിന്‍റെ കാറിന് മുകളിൽ മരം വീണ് കേടുപാടുകൾ പറ്റിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
രാജു കൊച്ചുകാലായിൽ, വെളിമറ്റം സജി, ബേബി കുരുവിളാനിക്കൽ, എൻ.കെ. തമ്പാൻ, എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കപ്പ, വാഴ, കമുക്, പ്ലാവ്, തേക്ക് എന്നിവയാണ് കാറ്റിൽ കടപുഴകിയത്. സജി വെട്ടുകല്ലാംകുഴിയുടെ റബ്ബര്‍ മരങ്ങൾ കനത്ത കാറ്റിൽ ഒടിഞ്ഞുവീണു.
നൂറമാക്കൽ അഗസ്റ്റിൻ, ചെരുവിൽ കുര്യൻ എന്നിവരുടെ വീടുകള്‍ക്കുമേല്‍ മരം പൊട്ടി വീണു. കുടിയിൽ കൃഷ്‌ണൻ നമ്പ്യാരുടെ വീടിനും, കടയ്ക്കും മുകളിലേക്കും മരം കടപുഴകി.