കണ്ണൂർ : സംസ്ഥാനത്ത് രണ്ടാമത് മങ്കിപോക്‌സ് ബാധിച്ച പയ്യന്നൂർ സ്വദേശിയായ യുവാവിൻ്റെ റൂട്ട് മാപ്പ് ആരോഗ്യവിഭാഗം പുറത്തിറക്കി. ജൂലൈ 13ന് ഉച്ചയ്ക്ക് 12.20ന് ദുബായിൽ നിന്ന് പുറപ്പെട്ട 31കാരൻ വൈകിട്ട് അഞ്ചരയോടെയാണ് മംഗളൂരുവിൽ വിമാനമിറങ്ങിയത്. വിമാനത്തിൽ കണ്ണൂർ സ്വദേശികളായ 12 പേരും കാസർകോട് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.
പനിയും അസ്വസ്ഥതയും ഉണ്ടായിരുന്നെങ്കിലും മംഗളൂരുവിൽ നിന്ന് ടാക്‌സിയിൽ നേരെ പയ്യന്നൂരിലേക്ക് വരികയായിരുന്നു. വഴിയിൽ വച്ച് ഡ്രൈവറും യുവാവും ഹോട്ടലിൽ കയറി ചായ കുടിക്കുകയും ചെയ്‌തു. ശരീരത്തിൽ കുമിളകൾ കണ്ടതിനെ തുടർന്ന് 14ന് രാവിലെ സ്വന്തം ബൈക്കിൽ പയ്യന്നൂരിലെ ചർമരോഗ വിദഗ്‌ധനെ കണ്ട് പരിശോധന നടത്തി. ഈ പരിശോധനയിലാണ് രോഗം സംശയിച്ചത്.
തുടർന്ന് വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. പിന്നാലെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് യുവാവിനെ മാറ്റി. തുടർന്ന് പൂനെയിലെ വൈറോളജി ലാബിൽ സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് മങ്കിപോക്‌സ് ആണെന്ന് തിരിച്ചറിഞ്ഞത്.
ആലപ്പുഴ ലാബിൽ പരിശോധനയ്ക്ക് സൗകര്യം ഉണ്ടെങ്കിലും കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരം പൂനെയിൽ അയച്ച് പരിശോധിക്കുകയായിരുന്നു. യുവാവിൻ്റെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരും കാർ ഡ്രൈവറും നിരീക്ഷണത്തിലാണ്. വിമാനത്തിൽ കണ്ണൂർ സ്വദേശികളും കാസർകോട് സ്വദേശികളും യുവാവിൻ്റെ അടുത്തിരുന്നല്ല യാത്ര ചെയ്‌തത്. സംസ്ഥാനത്ത് രണ്ടാമത് വാനര വസൂരി കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂരിൽ കർശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.