കണ്ണൂര്‍: വെള്ളം പതിക്കുന്നിടത്ത് അപകടമില്ലാതെ ആസ്വദിച്ച് നീന്തി കുളിക്കുവാൻ ഉള്ള സ്ഥലസൗകര്യം ഉള്ളതാണ് ഹരിതീർത്ഥകര വെള്ളച്ചാട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ചൂരലിനു സമീപമാണ് അരിയിൽ ഹരിതീർത്ഥകര വെള്ളച്ചാട്ടം. നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഹരിതീർത്ഥ കരയിൽ ടോയ്‌ലറ്റ് സംവിധാനം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്തത് വലിയൊരു കുറവായി തന്നെയാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടേക്ക് എത്തിച്ചേരുവാനുള്ള റോഡിന്‍റെ സ്ഥിതിയും ഏറെ ശോചനീയാവസ്ഥയിലാണ്. വെള്ളച്ചാട്ടത്തിലേക്ക് വഴി കാട്ടുവാനുള്ള ബോർഡുകൾ ഒന്നും തന്നെ വഴിയരികിൽ കാണാനുമില്ല. നിരവധി വികസന പദ്ധതികൾ ഇവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും വെള്ളച്ചാട്ടം ഒഴികെയുള്ള സ്ഥലങ്ങളെല്ലാം സ്വകാര്യഭൂമികൾ ആയതിനാലാണ് പ്രവർത്തികൾക്ക് പരിമിതി ഉണ്ടാകുന്നത് എന്നാണ് അധികൃതർ പറയുന്നത്.