കണ്ണൂർ: പയ്യന്നൂരിനടുത്ത് കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തില്‍ ഹരിതീർഥക്കര എന്നൊരു സ്ഥലമുണ്ട്. അധികമാർക്കും അറിയാത്ത ഹരിതീർഥക്കര ഇന്ന് പ്രാദേശിക വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങളിലൊന്നാണ്. കാരണം മഴക്കാലത്ത് സുന്ദരിയാകുന്ന വെള്ളച്ചാട്ടം തന്നെ.
വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള സ്ഥലം സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരുന്നതാണ്. അതിനാല്‍ തന്നെ വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് സൗകര്യങ്ങളും പരിമിതമായിരുന്നു. ഹരിതീർഥക്കരയെക്കുറിച്ച് അധികമാരും അറിയപ്പെടാതെ പോയതിനും കാരണമിതാണ്. എന്നാല്‍ ഈ പ്രകൃതി സൗന്ദര്യം നാടറിയട്ടെ എന്ന് താഴെവീട്ടിൽ ദിനചന്ദ്രനും, പലേരി ഗോപാലനും ചിന്തിച്ചപ്പോൾ ഹരിതീർത്ഥക്കര ടൂറിസം പദ്ധതിക്ക് ചിറക് മുളയ്ക്കുകയാണ്.
കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിന്‍റെ ഇടപെടലിൽ വെള്ളച്ചാട്ടത്തിനോട് ചേർന്ന് കുട്ടികളുടെ പാർക്കും അഡ്വഞ്ചർ സ്പോട്ടും സജ്ജമാക്കും. ഒരു കോടിയുടെ പദ്ധതിക്കാണ് പഞ്ചായത്ത് സർക്കാരിനോട് അനുമതി തേടിയിട്ടുള്ളത്. മഴക്കാലത്ത് നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് മാത്തിൽ ഹരിതീർത്ഥക്കര വെള്ളച്ചാട്ടം കാണാൻ എത്താറ്. സ്ഥലം വിട്ടുകിട്ടിയതോടെ പഞ്ചായത്തിന്‍റെ സ്വപ്‌ന പദ്ധതിക്ക് വേഗത കൂടുമെന്നാണ് വിലയിരുത്തല്‍. 40 സെന്‍റ് സ്ഥലമാണ് സ്വകാര്യ വ്യക്തികൾ ഹരിതീർഥക്കര ടൂറിസം പദ്ധതിക്കായി വിട്ടുനല്‍കിയത്.
ഹരിതീർഥക്കരയിലേക്ക് എങ്ങനെ പോകാം: മഴക്കാലത്ത് മാത്രമാണ് ഇവിടെ വെള്ളമുണ്ടാകുക. അപകട സാധ്യത കുറവാണെന്നത് കുടുംബ സമേതം ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. പയ്യന്നൂരില്‍ നിന്ന് 12 കിലോമീറ്ററാണ് ഹരിതീർഥക്കരയിലേക്ക്. കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തിലെ മഠത്തില്‍പാടിയോട്ട്ചാല്‍ റോഡില്‍ ചൂരല്‍ ബസ് സ്റ്റോപ്പില്‍ നിന്നാണ് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. അരിയില്‍ വെള്ളച്ചാട്ടമെന്നും ഇതിന് പേരുണ്ട്. വെള്ളരിക്കാം തോട്ടില്‍ നിന്ന് ഉത്ഭവിച്ച് പെരുമ്പ പുഴയിലാണ് ഇത് ചേരുന്നത്.