കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, വിഭാഗീയത തുടങ്ങിയ പ്രശ്നങ്ങളിൽ എംഎൽഎ ഉൾപ്പെടെ ആറുപേർക്കെതിരെ ജില്ലാ കമ്മിറ്റി കൈകൊണ്ട നടപടിക്ക് പാർട്ടി അംഗീകാരം. 12 ലോക്കൽ കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്ത നടപടി പയ്യന്നൂരിൽ ചേർന്ന സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ എംഎല്‍എ ടി.ഐ. മധുസൂദനനാണ് കനത്ത പ്രഹരമേറ്റത്.
പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ പയ്യന്നൂർ സിപിഎം ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി പകരം മുൻ കല്യാശ്ശേരി എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടിവി രാജേഷിനെ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെകെ ഗംഗാധരൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, ടിഐ മധുസൂദനൻ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി സതീഷ് കുമാർ എന്നിവർക്ക് താക്കീത് നൽകാനും തീരുമാനമായി.
തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, പാർട്ടി ഓഫീസിന് ഉള്ള ഫണ്ട് ശേഖരണം, ധനരാജ് രക്തസാക്ഷി ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ ഉയർന്ന ആരോപണമാണ് വിഭാഗീയതയായി പയ്യന്നൂർ സിപിഎമ്മില്‍ വിവാദമുണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.