കണ്ണൂര്‍: ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കണ്ണൂര്‍ ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ, മകന്‍ മൂന്ന് വയസുകാരന്‍ ലെവിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.
ഇരട്ടത്തോട് ബാവലിപ്പുഴയിലെ താത്‌കാലിക തടയണയിൽ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ ലെവിന്‍ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെട്ടു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലിജോ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാങ്കുളത്ത് മുങ്ങി മരിച്ച വിദ്യാര്‍ഥികള്‍: അടുത്ത കാലത്തായി നിരവധി മുങ്ങി മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. അങ്കമാലിയിലെ ജ്യോതിസ് സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികളില്‍ മൂന്ന് പേര്‍ ഇടുക്കി മാങ്കുളത്ത് മുങ്ങി മരിച്ചത് ഏറെ നടുക്കിയ സംഭവമായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ അര്‍ജുന്‍ ഷിബു, ജോയല്‍ ബേബി, റിച്ചാര്‍ഡ് ബ്രസി എന്നിവരായിരുന്നു മാങ്കുളത്തെ വല്യപാറുക്കുട്ടി പുഴയില്‍ മുങ്ങി മരിച്ചത്. ജ്യോതിസ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളായിരുന്നു മൂവരും. തട്ടേക്കാട് ബോട്ടപകടം ഓര്‍മിപ്പിക്കുന്നതായിരുന്നു സംഭവം.
മുങ്ങി മരണം തുടര്‍ക്കഥ: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കുഞ്ചിത്തണ്ണി എല്ലക്കലില്‍ കുളിക്കാന്‍ ഇറങ്ങിയ തിരുപ്പൂര്‍ സ്വദേശി മുങ്ങി മരിച്ചിരുന്നു. 25 കാരനായ അബ്‌ദുല്ലയാണ് മുങ്ങി മരിച്ചത്. വിനോദ യാത്രക്കായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു അബ്‌ദുല്ല. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.
ബിഹാറിലെ ഭോജ്‌പൂരില്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് കുട്ടികള്‍ മുങ്ങി മരിച്ചിരുന്നു. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.