കണ്ണൂര്‍ : തളിപ്പറമ്പ് പന്നിയൂർ ചെറുകരയിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി, 610 ലിറ്റർ വാഷും ഉപകരണങ്ങളും നശിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകരുടെയും പിന്തുണയോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസ് ഉദ്യോഗസ്ഥരാണ് വാറ്റ് കേന്ദ്രം നശിപ്പിച്ചത്. എക്സൈസ് പ്രിവന്‍റീവ് ഓഫിസർ എം.വി അഷ്റഫിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ALSO READ: സംസ്കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വിരലനങ്ങി, കുഞ്ഞിനെയും വാരിയെടുത്തോടി, ജീവന്‍ രക്ഷിക്കാനായില്ല
പന്നിയൂർ, ചെറുകര ഭാഗങ്ങളിൽ വ്യാപകമായി ചാരായം വാറ്റി വിൽക്കുന്നെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഷൈമ, മാതൃക കുടുംബശ്രീ, സ്ത്രീശക്തി കുടുംബശ്രീ, ശ്രീദീപം കുടുംബശ്രീ, പൗർണമി കുടുംബശ്രീ എന്നിവരെയും ചേർത്ത് ഈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിരവധി പ്ലാസ്റ്റിക് ബാരലുകളിലായി വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെത്തിയത്.
ചാരായം വാറ്റി മിനറൽ വാട്ടറിന്‍റെ കുപ്പികളിലാക്കി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി വൻ വിലയ്ക്ക് വില്പന നടത്തുകയാണ് പതിവ്. പ്രതികളെ തിരിച്ചറിഞ്ഞതായും ഏതാനും ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.