കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഗവർണർ പദവി എടുത്തു കളയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും ഗവർണറുടെ അന്തസത്തയ്‌ക്ക് യോജിച്ച കാര്യങ്ങളല്ല ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്നും ജയരാജന്‍ പ്രതികരിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഇപി ജയരാജൻ എത്തിയിരിക്കുന്നത്.
ഗവർണർ പദവി തന്നെ അനാവശ്യമാണ് എന്ന നിലപാടാണ് സിപിഎമ്മിന് ഉള്ളത്. ഗവർണർ ജനാധിപത്യത്തെ മലീമസമാക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. ലോക്‌പാൽ ഭേദഗതി ബിൽ ഒപ്പിടില്ല എന്ന ഗവർണറുടെ നിലപാട് അങ്ങേയറ്റം തെറ്റാണ്.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് നിയമസഭ അംഗീകരിക്കുന്ന നിയമത്തിൽ ഒപ്പിടാൻ ഗവർണർ ബാധ്യസ്ഥനാണെന്നും ജയരാജൻ പയ്യന്നൂരിൽ പറഞ്ഞു. ഗവർണറുമായി പരസ്യമായ ഏറ്റുമുട്ടലിനു തന്നെയാണ് ഇടതുമുന്നണിയുടെ നീക്കം എന്നാണ് ഇപി ജയരാജന്‍റെ പ്രസ്‌താവന വ്യക്തമാക്കുന്നത്.