കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറി എം. ഷാജർ. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റ് ചാമ്പ്യന്മാരായ സി.കെ.ജി വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ഷാജറിൽ നിന്നും ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്.
ഷാജർ ആകാശിന് ട്രോഫി സമ്മാനിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ട്രോഫി കൊടുത്ത് അരികിൽ നിർത്തിയാണോ തെറ്റ് തിരുത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഫേസ്‌ബുക്കിൽ കുറിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ആകാശ് തില്ലങ്കേരി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയവരിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു.
കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഒറ്റപ്പെടുത്തണമെന്ന നിർദേശം ജില്ല സെക്രട്ടറിയായ ഷാജർ തന്നെ പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളിൽ പാർട്ടിക്കാരായി പ്രത്യക്ഷപ്പെടുന്ന ഇവർക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഡിവൈഎഫ്ഐ നിലപാട്.