കണ്ണൂര്‍: ലോക്ക് ഡൗൺ ലംഘനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഇരിട്ടിയിലും മലയോര മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം ആരംഭിച്ചു. റോഡുകൾക്ക് പുറമെ മറ്റു മേഖലകളിൽ ജനങ്ങൾ കൂട്ടം കൂട്ടുന്നതും വ്യാജവാറ്റ് പോലുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും ഡ്രോണുകൾ സഹായകരമാകും. ഇരിട്ടിയുടെ ചില മേഖലകളിൽ നടത്തിയ നിരീക്ഷണത്തിൽ ആളുകൾ കൂട്ടം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജവാറ്റ് കേന്ദ്രങ്ങളാണെന്ന് സംശയിക്കുന്ന ചില ഷെഡ്ഡുകളും നിരീക്ഷണത്തിൽ കണ്ടെത്തി.
കേരളാ പൊലീസിന്‍റെ കീഴിലുള്ള സൈബർ ഡോമിന്‍റെ നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്. 350ഓളം ഡ്രോണുകളാണ് നിലവില്‍ ആകാശ നിരീക്ഷണം നടത്തുന്നത്. പ്രാദേശികമായി ഇത്തരം സംഭവങ്ങൾ നടക്കുന്നതായി അറിവുള്ളവർ പൊലീസിന് വിവരം കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം ഡ്രോൺ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ വിവിധ ഡ്രോൺ അസോസിയേഷനുകളുടെ ആറോളം കോ-ഓഡിനേറ്റർമാരാണ് നിരീക്ഷണത്തിനായി ഡ്രോണുകൾ ഏർപ്പെടുത്തിയത്. ഇരിട്ടി ഡിവൈഎസ്‌പി സജേഷ് വാഴാളപ്പിൽ, സിഐഎ കുട്ടികൃഷ്‌ണൻ, എസ്ഐമാരായ എ.ബി.രാജു, എം.ജെ.മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ആരംഭിച്ചത്.