കണ്ണൂര്‍ : ആർ.എസ്.സ് രാജ്യത്തിന് ഭീഷണിയാണെന്നും പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ. ബി.ജെ.പി ആർ.എസ്.എസ് ഭരണത്തിനുകീഴിൽ മതപരവും ജാതിപരവുമായ വേർതിരിവുകൾ തഴച്ചുവളരുന്നു. സി.പി.എം 23-ാം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്‌ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'ജനാധിപത്യ കക്ഷികള്‍ ഒന്നാവണം': ആർ.എസ്.എസിനെ പ്രത്യയശാസ്‌ത്രപരമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും ഇടതുപക്ഷത്തിനേ കഴിയുള്ളൂ. ഇതിനായി എല്ലാ പുരോഗമന, മതേതര, ജനാധിപത്യ കക്ഷികളും ഒന്നിക്കണം. മറ്റ് മതനിരപേക്ഷ, ജനാധിപത്യ, പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് ഇടതുപക്ഷം ആ പങ്ക് വഹിക്കാൻ സജ്ജമാവണം.
അത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്വമാണ്. നാം അത് മറക്കരുത്. ജാതി വ്യവസ്ഥയ്‌ക്കും പുരുഷാധിപത്യത്തിനും എതിരായ പോരാട്ടവും ഗൗരവമായി കാണണം. ബി.ജെ.പിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
'വിശാല മതേതര സഖ്യം വേണം': ബി.ജെ.പിക്കെതിരായി വിശാല മതേതര സഖ്യം വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ നടക്കുന്ന 23-ാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണ്ടതിനാല്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും യെച്ചൂരി പറഞ്ഞു.
'ഇന്ത്യ, സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളി': വർഗീയതയോടുള്ള വിട്ടുവീഴ്‌ച മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളുകള്‍ പോകുന്നതിന് വഴിവയ്ക്കും. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒതുക്കുന്നതില്‍ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറുകയുണ്ടായി.
യുക്രൈന്‍ യുദ്ധം യഥാര്‍ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ് നടക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സിൽവർ ലൈനില്‍ മുഖ്യമന്ത്രി: കേരളം വികസന പാതയില്‍ ഏറെ മുന്നിലാണ്. എന്നാല്‍, വികസനം തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.ബി അംഗങ്ങളായ എം.എ ബേബി, മണിക് സർകാര്‍ തുടങ്ങിയവരും പ്രസംഗിച്ചു.
സമ്മേളന വേദിയായ ഇ.കെ നായനാർ നഗറിൽ ബുധനാഴ്‌ച രാവിലെ 10 മണിക്ക് മുതിർന്ന പി.ബി അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ് ഇതിഹാസപോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂരിൽ സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന് ആരംഭമായത്.
എസ് രാമചന്ദ്രൻ പിള്ളയെ ചേർത്തുനിർത്തിയാണ് യെച്ചൂരി വേദിയിലേക്ക് എത്തിയത്. തുടർന്ന്, രക്തസാക്ഷി സ്‌തൂപത്തിൽ പി.ബി അംഗങ്ങളും നേതാക്കളും പുഷ്‌പാർച്ചന നടത്തി അഭിവാദ്യമർപ്പിച്ചു. ഇ.കെ നായനാര്‍ അക്കാദമിയിലെ, നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം.
ബംഗാളില്‍ നിന്ന് 163 പ്രതിനിധികള്‍ : 17 പൊളിറ്റ് ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നുമാണ്. 178 പേരാണ് പങ്കെടുക്കുന്നത്.
ബംഗാളില്‍ നിന്ന് 163 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 42 പ്രതിനിധികളും പങ്കെടുക്കുന്നു. ഗോവ, ആൻഡമാൻ എന്നിവിടങ്ങളിൽനിന്ന് ഓരോ പ്രതിനിധികളും എത്തിയിട്ടുണ്ട്. 25 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, ബിമൻ ബസു തുടങ്ങിയ ദേശീയ നേതാക്കളും കഥാകൃത്ത് ടി പത്മനാഭൻ, ഹരിശ്രീ അശോകൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മധുപാൽ, സയനോര ഫിലിപ്പ് തുടങ്ങിയവരും ക്ഷണിതാക്കളായി സമ്മേളന വേദിയിൽ എത്തി.
ALSO READ | സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി
കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. വൈകിട്ട് രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. പ്രമേയത്തിൽ സംസ്ഥാനങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി കേരള ഘടകവും ഉദ്ഘാടനത്തിലും നടത്തിപ്പിലും ഉടനീളം നിറഞ്ഞുനിൽക്കുന്ന കാഴ്‌ചയാണ് സമ്മേളന നഗരിയിൽ.