കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചതിൽ ആരോഗ്യ വകുപ്പിന് വീഴ്ചയെന്നാരോപിച്ച് പയ്യാമ്പലം ശ്മശാനം താത്കാലികമായി അടച്ചു. കണ്ണൂർ കോർപ്പറേഷന്‍റേതാണ് തീരുമാനം. മൃതദേഹം മുഴുവൻ കത്തിത്തീരും മുമ്പ് ബന്ധുക്കളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം വിട്ടെന്നാണ് ആരോപണം. കോർപ്പറേഷൻ സെക്രട്ടറിയെ വിവരം അറിയിച്ചെന്നാണ് ഡിഎംഒയുടെ വിശദീകരണം.
ഞായറാഴ്‌ച പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ചക്കരക്കൽ തലമുണ്ട സ്വദേശിയുടെ മൃതദേഹമാണ് ശ്‌മശാനം ജീവനക്കാരുടെയും കോർപ്പറേഷൻ ഭാരവാഹികളടക്കം ചിലരുടെയും എതിർപ്പ് വകവയ്‌ക്കാതെ പയ്യാമ്പലത്ത് സംസ്‌കരിച്ചത്. ഇതിലുള്ള പ്രതികാരമായാണ് ശ്മശാനം അടച്ചതെന്നാണ് പ്രതിപക്ഷമായ എൽഡിഎഫിന്‍റെ ആരോപണം. അതിനിടെ ശ്മശാനം അടച്ചതറിയാതെ എത്തിച്ച മുണ്ടയാട് സ്വദേശിനിയുടെ മൃതദേഹം കുടുംബാംഗങ്ങൾ തന്നെ ദഹിപ്പിച്ചു.