കണ്ണൂര്‍ : തളിപ്പറമ്പ് സിപിഎമ്മിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് വിമത വിഭാഗം ശക്തിപ്രകടനം നടത്തിയതില്‍ പാർട്ടി അംഗങ്ങളായ മൂന്ന് പേരോട് വിശദീകരണം തേടി നോർത്ത് ലോക്കൽ കമ്മിറ്റി. തല്‍ക്കാലത്തേക്ക് നടപടികൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു സി.പി.എം ജില്ല നേതൃത്വവും തളിപ്പറമ്പ് ഏരിയ നേതൃത്വവും.
എന്നാൽ ഇത് മറികടന്നാണ് കഴിഞ്ഞ ദിവസം ചേർന്ന നോർത്ത് ലോക്കൽ കമ്മിറ്റി യോഗം മൂന്ന് പേർക്ക് വിശദീകരണ നോട്ടിസ് നൽകാൻ തീരുമാനിച്ചത്. നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗം കോമത്ത് മുരളീധരനും അനുഭാവികളും ഇറങ്ങിപ്പോയതിന് പിന്നാലെയാണ് വിഷയം വഷളായത്.
പുല്ലായിക്കൊടി ചന്ദ്രനെ ലോക്കൽ സെക്രട്ടറിയാക്കിയതോടെ മാന്ദംകുണ്ട്, കീഴാറ്റൂർ ഭാഗങ്ങളിൽ പോസ്റ്ററുകളും ശക്തി പ്രകടനവും നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത മൂന്ന് പാർട്ടി മെമ്പർമാരില്‍ നിന്നാണ് നോർത്ത് ലോക്കൽ കമ്മിറ്റി വിശദീകരണം തേടിയത്.
Red More: തളിപ്പറമ്പ് സിപിഎമ്മില്‍ വിഭാഗീയത മുറുകുന്നു : മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു
മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ അടക്കം രാജി നൽകിയതോടെ സി.പി.എം ജില്ല നേതൃത്വവും തളിപ്പറമ്പ് ഏരിയ നേതൃത്വവും പ്രതിരോധത്തിലായി. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ താൽക്കാലികമായി നടപടികൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ഇരുനേതൃത്വങ്ങളും.
എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ലോക്കല്‍ കമ്മിറ്റിയുടെ നടപടി. 35 മെമ്പർമാർ ഉൾപ്പെടുന്ന മാന്തം കുണ്ട് കിഴക്ക്, പടിഞ്ഞാറ് ബ്രാഞ്ച് യോഗത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തതെന്നാണ് സൂചന.