കോഴിക്കോട് : സംഘടനയുടെ അംഗബലവും ജനസ്വാധീനവും കുറഞ്ഞുവരുന്നത് 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. കേരളത്തില്‍ ഒഴിച്ച് മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ ശോഷണം സംബന്ധിച്ച കണക്കുകള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കാന്‍ പോകുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ട്. ദേശീയതലത്തില്‍ സിപിഎമ്മിനെ എങ്ങനെ ശക്തമാക്കാം എന്ന ചര്‍ച്ചകള്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കും.
പ്രധാന പ്രതിപക്ഷത്തില്‍ നിന്ന് പാര്‍ലമെന്‍ററി ദുര്‍ബലതയിലേക്ക് : അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1943ൽ ബോംബെയിലാണ് ആദ്യ പാർട്ടി കോൺഗ്രസിന് തുടക്കമിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്ന നിരോധനം പിൻവലിച്ചിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ 695 പാർട്ടി അംഗങ്ങൾ രാജ്യത്തെ വിവിധ ജയിലുകളിലായിരുന്നു. ഇവരില്‍ 105 പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു.
പ്രതിനിധികളിൽ 70 ശതമാനം പേരും ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരുമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചുള്ള ആദ്യ വര്‍ഷങ്ങളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായിരുന്നു. ആ വര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ ജനസ്വാധീനവും വര്‍ധിച്ച് വരുന്നുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈനിനെ ചൊല്ലി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുക്കുന്നു. ഈ വിഭാഗീയത നയിച്ചത് 1964ല്‍ കേന്ദ്ര കമ്മിറ്റിയിൽ നിന്നും 31 പേർ ഇറങ്ങി പോകുന്നതിലേക്കാണ്. ഇവരില്‍ കേരളത്തില്‍ നിന്ന് എകെജിയും, ഇഎംസും, വിഎസ് അച്യുതാനന്ദനും ഉള്‍പ്പെടുന്നു.
ആന്ധ്രാപ്രദേശിലെ തെനാലിയിൽ ഒത്തുചേർന്ന ഈ 31 നേതാക്കള്‍ കൊൽക്കത്തയിൽവച്ച് പാർട്ടി കോൺഗ്രസ് നടത്താൻ തീരുമാനിച്ചു. അങ്ങനെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഎമ്മും സിപിഐയുമായി മാറുന്നു. 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ നടന്ന കോൺഗ്രസാണ് സി.പി.എം ഒന്നാം പാർട്ടി കോൺഗ്രസ്സായി കണക്കാക്കുന്നത്.
ശോഷണത്തിന്‍റെ കണക്കുകള്‍ അവതരിപ്പിച്ച് സംഘടനാ റിപ്പോര്‍ട്ട് : 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിനില്‍ക്കുമ്പോള്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്‍റെ അംഗബലത്തിലുണ്ടാകുന്ന ശോഷണമാണ് . ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ തീരെ ദുര്‍ബലമായി. അധികാരം നഷ്‌ടപ്പെട്ട ത്രിപുരയിലും ബംഗാളിന്‍റെ അവസ്ഥയിലേക്ക് പോകുമെന്ന ആശങ്കയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ചത്. പാര്‍ട്ടി നേരിട്ട ശോഷണത്തിന്‍റെ കണക്കുകള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കാന്‍ പോകുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സംഘടനാ റിപ്പോര്‍ട്ട് പ്രകാരം ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് ശേഷം ബംഗാളിൽ 48,096 അംഗങ്ങളും ത്രിപുരയിൽ 47,378 അംഗങ്ങളുമാണ് കൊഴിഞ്ഞുപോയത്.
ദേശീയ അടിസ്ഥാനത്തിൽ പാർട്ടി അംഗങ്ങളിൽ 3.86 ശതമാനത്തിന്‍റെ കുറവുവന്നു. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ബംഗാളിൽ പാർട്ടിയിൽനിന്ന് അകന്നതെങ്കിൽ ത്രിപുരയിലേത് 88,567 ആണ്. ത്രിപുരയില്‍ 3.48 ലക്ഷം കർഷകർ സിപിഎമ്മുമായുള്ള ബന്ധം വിട്ടു.
ALSO READ: കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം
ബംഗാളിൽ 12.5 ലക്ഷത്തോളം കർഷകരുടേയും 2.36 ലക്ഷം കർഷകത്തൊഴിലാളികളുടെയും പിന്തുണ പാർട്ടിക്ക് ഇല്ലാതായി. ത്രിപുരയില്‍ ഒന്നരലക്ഷത്തിലധികം കര്‍ഷകരുടെ പിന്തുണയാണ് സിപിഎമ്മിന് നഷ്‌ടമായത്. കേരളത്തിൽ അംഗബലം വർധിച്ചെന്നും സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2017 മുതൽ 2021 വരെയുള്ള കാലയളവിൽ 63,702 പേർ പാര്‍ട്ടിയിലേക്ക് വന്നു. ട്രേഡ് യൂണിയൻ രംഗത്ത് മൂന്നര ലക്ഷത്തിൻ്റെ വളർച്ചയുണ്ടായി. പാര്‍ട്ടിയുടെ കർഷക സംഘടനകളില്‍ 5 ലക്ഷത്തിലേറെ പേർ പുതുതായി ചേര്‍ന്നു. അതേസമയം പാർട്ടിയിൽ തുടരുന്നവരിൽ വലിയൊരു വിഭാഗം നിഷ്ക്രിയരാണെന്നും ഗുണനിലവാരം കുറവാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസുമായുള്ള സഹകരണം പ്രധാന ചര്‍ച്ചാവിഷയം : ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി എങ്ങനെ സഹകരിക്കാം എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന പ്രധാന ചര്‍ച്ച. കോണ്‍ഗ്രസുമായുള്ള തുറന്ന രാഷ്ട്രീയ സംഖ്യത്തിന് കേരളഘടകം എതിരാണ്. ഹൈദരാബാദ് പാര്‍ട്ടി കോൺഗ്രസിലേയും പ്രധാന ചര്‍ച്ചാവിഷയം ഇതുതന്നെയായിരുന്നു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ സംഖ്യം എന്ന ലൈനായിരുന്നു സീതാറാം യെച്ചൂരി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതിനെ കേരള ഘടകം എതിര്‍ത്തു. ഭരണത്തുടര്‍ച്ച കേരള ഘടകത്തെ ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കേരളത്തിലെ നേതാക്കളെ അവഗണിച്ച് ഒരു തീരുമാനം എടുക്കുക പാര്‍ട്ടി കോണ്‍ഗ്രസിനെ സംബന്ധിച്ച് എളുപ്പമാകില്ല. കേരളത്തിലെ സില്‍വര്‍ലൈന്‍ വിഷയത്തില്‍ സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രകടിപ്പിച്ചത് വ്യത്യസ്‌ത നിലപാടുകളാണെന്നുള്ളതും ശ്രദ്ധേയമാണ്.