കണ്ണൂര്‍: ആര്‍എസ്എസ് സ്പോൺസർ ചെയ്‌ത കലാപമാണ് ഡൽഹിയിൽ നടക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഡൽഹി കലാപത്തിലും കൂട്ടക്കൊലയിലും പ്രതിഷേധിച്ച് തളിപ്പറമ്പിൽ സംഘടിപ്പിച്ച മതസൗഹാർദ റാലിയോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേരിതിരിഞ്ഞുള്ള കലാപമാണ് ഡൽഹിയിൽ നടക്കുന്നത്. ഒരു ഭാഗത്ത് ആർഎസ്എസാണെങ്കിൽ മറുഭാഗത്ത് എസ്‌ഡിപിഐ അടക്കമുള്ള സംഘടനകളാണ് അക്രമം നടത്തുന്നത്. വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഒറ്റക്കെട്ടായി കലാപത്തെ നേരിടണം. വർഗീയ കലാപം അവസാനിപ്പിക്കാൻ സര്‍ക്കാര്‍ നടപടിയെടുക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ സിപിഎം ഏരിയാ സെക്രട്ടറി പി.മുകുന്ദൻ, കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. പൂക്കോത്ത് നട കേന്ദ്രീകരിച്ച് നടന്ന ജാഥ തളിപ്പറമ്പ ടൗണിൽ സമാപിച്ചു.