കണ്ണൂർ : സജി ചെറിയാൻ്റെ സത്യപ്രതിജ്ഞാദിവസം കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സജി ചെറിയാനെതിരെ കൂടുതൽ നിയമ നടപടി കോൺഗ്രസ് സ്വീകരിക്കുമെന്നും ഒരു കാരണവശാലും അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനെ അംഗീകരിക്കാൻ യുഡിഎഫിനാകില്ലെന്നും സുധാകരൻ വ്യക്‌തമാക്കി.
സജി ചെറിയാൻ വിഷയത്തിൽ നടന്നത് ഭരണഘടന ലംഘനമല്ലായെന്നത് സിപിഎം മാത്രം തീരുമാനിച്ചാൽ പോര. എന്ത് അന്വേഷണമാണ് ഇതിൽ നടന്നത്. ഇവിടെയൊന്നും നിയമ സംവിധാനമില്ല. എവിടെയാണ് നീതി. എവിടെയാണ് നീതിപാലകൻമാർ. വ്യവസ്ഥാപിതമായ എല്ലാ സംവിധാനങ്ങളും തകർത്തിരിക്കുകയാണ്.
തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ ഇത്രയും കാലം സജി ചെറിയാനെ മാറ്റി നിർത്തിയത്. സത്യപ്രതിജ്ഞാലംഘനം നടത്തിയില്ലെങ്കിൽ ചെറിയാനെ എന്തിന് ഇത്രയും കാലം മാറ്റി നിർത്തിയെന്നും കെ സുധാകരൻ ചോദിച്ചു.