കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാത്തത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ ദുരിതമാകുന്നു. കംഫർട്ട് സ്റ്റേഷൻ അടിയന്തരമായി തുറക്കണം എന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ലോക്ക് ഡൗൺ കാരണം രണ്ടുമാസം മുമ്പാണ് തളിപ്പറമ്പ് നഗരസഭ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടത്. എന്നാൽ ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതിനെത്തുടർന്ന് ബസുകൾ ഓടിത്തുടങ്ങി. എന്നിട്ടും കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തനം തുടങ്ങിയില്ല. ഇതുമൂലം കനത്ത ദുരിതമാണ് ബസ് ജീവനക്കാരും യാത്രക്കാരുമെല്ലാം അനുഭവിക്കേണ്ടിവരുന്നത്. സ്ത്രീ യാത്രക്കാരാണ് ഇതിന്‍റെ ദുരിതം ഏറ്റവുമധികം പേറുന്നത്.
ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ കംഫർട്ട് സ്റ്റേഷൻ ഉടനെ തുറന്നു പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. അതിനിടെ സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തന്നെ ഇത് തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിച്ചതായി നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു.