കണ്ണൂർ: തെരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് ലഭിക്കുന്ന വൻ സ്വീകാര്യത കണ്ട് അസ്വസ്ഥത പൂണ്ടാണ് അരി വിതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സർക്കാർ കോടതിയിൽ പോയപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞത് തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നാണ്. അത് ബോധ്യപ്പെട്ട ഹൈക്കോടതി ജനപക്ഷത്തുനിന്നാണ് വിധിപ്രസ്താവിച്ചത്. അബദ്ധം പറ്റിയെന്ന് ജനങ്ങളോട് തുറന്നുപറഞ്ഞ് പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എംവി ഗോവിന്ദൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുവായൂരിൽ ലീഗ് വിജയിക്കണമെന്നും തലശ്ശേരിയില്‍ എൽഡിഎഫ് പരാജയപ്പെടണമെന്നും ബിജെപിയുടെ നേതാവ് പരസ്യമായി പറഞ്ഞു. നേമത്ത് കോൺഗ്രസിന്‍റെ വോട്ട് കൊണ്ടാണ് വിജയിച്ചതെന്ന് ഒ രാജഗോപാൽ വെളിപ്പെടുത്തിയിരുന്നു. അത് പ്രാദേശിക നീക്കുപോക്കാണെന്നും തുടരുമെന്നുമാണ് പറഞ്ഞത്. ബിജെപിയെ സഹായിക്കാൻ കരാറായിട്ടുണ്ടോയെന്ന് സംശയിക്കണമെന്നും പിണറായി ആരോപിച്ചു.