കണ്ണൂർ: ബാലപീഡനത്തിനെതിരെ ദേശീയതലത്തിൽ നടത്തുന്ന ബൈക്ക് റാലി കണ്ണൂർ കൂത്തുപറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ അവകാശസംരക്ഷണത്തെയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനെയും കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്സ് കേരളയുമായി ചേര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനാണ് മഹാസന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചത്. അഞ്ഞൂറോളം റൈഡേഴ്സാണ് ബൈക്ക് റാലിയില്‍ അണിനിരക്കുന്നത്. ആഹ്‌ളാദഭരിതമായ കുട്ടിക്കാലമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അത് തകർത്തുകളയരുതെന്നും ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കൂത്തുപറമ്പ് നിര്‍മലഗിരി കോളജിൽ നിന്നും ആരംഭിച്ച റാലിക്ക് കോഴിക്കോട് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയ്ക്കല്‍ ചങ്കുവെട്ടി രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങിൽ സ്വീകരണം നൽകും. 14ന് രാവിലെ എറണാകുളം മഹാരാജാസ് കോളജ്, ആലപ്പുഴ ബീച്ച്, കൊല്ലം ബീച്ച് എന്നീ കേന്ദ്രങ്ങളിലും സ്വീകരണം നൽകും. 15ന് രാവിലെ തിരുവനന്തപുരം ചാല ഗവ. ഹൈസ്‌കൂളിൽ റാലി എത്തിച്ചേരും. തുടർന്ന് കന്യാകുമാരിയില്‍ സമാപിക്കുന്ന ആദ്യഘട്ട റാലിക്ക് ശേഷം കശ്‌മീര്‍ വരെ നീളുന്ന രണ്ടാംഘട്ട റാലി നടത്തും.