കണ്ണൂര്‍: കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും പ്രചാരണ പരിപാടികളും നാട്ടിൽ നടപ്പിലാക്കുമ്പോഴും സംഭരിച്ച നെല്ലിന്‍റെ പണം പോലും ലഭിക്കാതെ ദുരിതത്തിലായി കർഷകർ. മെയ് മാസം സംഭരിച്ച നെല്ലിന്‍റെ പണം ഇതുവരെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ കർഷകർക്ക് നൽകിയിട്ടില്ലെന്നാണ് പരാതി. പണം ലഭിക്കാത്തതിനാൽ കണ്ണൂർ ജില്ലയിലെ പ്രധാന നെൽകൃഷി കേന്ദ്രമായ കരിവെള്ളൂർ കുണിയനിൽ നിരവധി കർഷകരുടെ രണ്ടാം വിളയാണ് മുടങ്ങിയത്.
രണ്ടാം വിളയിറക്കാൻ ബാങ്ക് ലോണ്‍ എടുത്താൽ പലിശ കോർപറേഷൻ അടക്കാമെന്ന വാക്കു മാത്രമാണ് നിലവിൽ ലഭിച്ചിട്ടുള്ളത് എന്ന് കർഷകർ പറയുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവ് മുതൽ കാലാവസ്ഥ പ്രതിസന്ധി അടക്കമുള്ളവയോട് പോരാടിയാണ് ഒരോ കർഷകനും നെൽ കൃഷി ചെയ്യുന്നത്. അതിനിടയില്‍ ഉണ്ടാകുന്ന സർക്കാർ സംവിധാനങ്ങളിലെ അനാസ്ഥ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.