കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭ ഓഫിസിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ച് കന്നുകാലി തൊഴുത്തിൽ നിന്നും പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം. വിഷയത്തില്‍ പൊലീസിൽ പരാതി നൽകിയതായും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി അറിയിച്ചു.
കൗൺസിൽ യോഗ തീരുമാന പ്രകാരമാണ് നഗരത്തിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ അപേക്ഷ ക്ഷണിക്കുകയും രണ്ടുപേരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തത്. പിടികൂടിയ കന്നുകാലികളെ നഗരസഭ ഓഫിസ് വളപ്പിനകത്ത് ഒരുക്കിയ തൊഴുത്തിൽ പിടിച്ചു കെട്ടിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആളുകൾ സുരക്ഷ ജീവനക്കാരനെ മർദിച്ച് കന്നുകാലിയെ അഴിച്ചു കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ചയും സംഭവം തുടർന്നതോടെയാണ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പിടിച്ചുകെട്ടിയ പശുക്കളെ ചൊവ്വാഴ്ച്ച ലേലം ചെയ്യും. നഗരസഭ ജീവനക്കാര്‍ക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്നും തൊഴുത്ത് മുൻവശത്തേക്ക് മാറ്റി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്നും ചെയർപേഴ്‌സണ്‍ അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങൾ ശക്തമാക്കി റവന്യൂ വകുപ്പ്