കണ്ണൂർ: ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ നഴ്‌സിങ് അസിസ്‌റ്റന്‍റിനെതിരെ പരിയാരം പൊലീസ് കേസെടുത്തു. തളിപ്പറമ്പ് സ്വദേശി രതീശനെതിരെയാണ് (42) കേസ്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് ന്യൂറോ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു സംഭവം.
ഇതിന് മുമ്പും സമാനാനുഭവം നഴ്‌സിങ് അസിസ്‌റ്റന്‍റില്‍ നിന്നും വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രണ്ട് ദിവസങ്ങളിലായി ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ചും ആശുപത്രിയില്‍ വെച്ചും സ്‌ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ലൈംഗിക ചുവയോടെ, ലൈംഗികമായ ഉദ്ദേശത്തോടെ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ കടന്നു പിടിക്കുകയും മര്‍ദിക്കുകയും ചെയ്തതായും പരാതിയുണ്ട്.
വിദ്യാര്‍ഥിനിയുടെ പരാതി പ്രകാരം ഐ.പി.സി 354ാം വകുപ്പ് അനുസരിച്ച് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥിനി ഇതു സംബന്ധിച്ച് വകുപ്പ് തലവന്‍ ഡോ.ചാള്‍സിന് നല്‍കിയ പരാതി അദ്ദേഹം പ്രിന്‍സിപ്പാളിനും പ്രിന്‍സിപ്പാള്‍ പൊലീസിനും കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നഴ്‌സിങ് അസിസ്‌റ്റന്‍റിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ചയില്‍ ക്ലിനിക്കല്‍ ലാബില്‍ വെച്ചും ഒരു വിദ്യാര്‍ഥിനിക്ക് നേരെ ഇത്തരത്തില്‍ ഒരു ജീവനക്കാരന്റെ കയേറ്റമുണ്ടായതായി പരാതിയുണ്ട്. ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. മലപ്പുറം സ്വദേശിയായ ഇയാളെ മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
മെഡിക്കല്‍ കോളജിന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വിധത്തില്‍ പെരുമാറുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Also Read : വി.സി പുനര്‍ നിയമനം; മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ കത്ത് പുറത്ത്