കണ്ണൂര്‍ : സി. സജേഷിനെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപങ്കാളി അർജുൻ ആയങ്കി ഉപയോഗിച്ച കാറ് സജേഷിന്‍റേതായിരുന്നു. സാമൂഹ്യ വിരുദ്ധ സംഘവുമായി കൂട്ട് ചേർന്നതിനാൽ പുറത്താക്കുന്നു എന്ന വിശദീകരണ കുറിപ്പോടെയാണ് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല കമ്മിറ്റി നടപടി സ്വീകരിച്ചത്.
'മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ല'
ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്നു സി. സജേഷ്. അതേസമയം, ഒളിവിലുള്ള അർജുനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജുൻ ആയങ്കി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.
ALSO READ: രാമനാട്ടുകര സ്വർണക്കടത്ത്; സിപിഎമ്മിന് പങ്കെന്ന് കെ.സുരേന്ദ്രൻ
ഡി.വൈ.എഫ്.ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ വിശദീകരിച്ചിരുന്നു.
'സ്വർണം തന്നില്ലെങ്കിൽ കൈകാര്യം ചെയ്യും'
കഴിഞ്ഞ ദിവസം അർജുൻ ആയങ്കിയുടെ ഭീഷണി സന്ദേശവും പുറത്തുവന്നിരുന്നു. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗത്തെ അർജുന്‍ ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.'സ്വർണം ഒറ്റയ്ക്ക് കൈക്കലാക്കാൻ ശ്രമിച്ചാൽ നാട്ടിലിറങ്ങാൻ സമ്മതിക്കില്ല.
'സ്വർണം തിരിച്ച് തന്നില്ലെങ്കിൽ നിന്നെ കൈകാര്യം ചെയ്യും. പാനൂരും മാഹിയിലുമുള്ള പാർട്ടിക്കാരും ഞങ്ങളുടെ സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ല', ഇങ്ങനെയായിരുന്നു അര്‍ജുന്‍ ഉന്നയിച്ച ഭീഷണി.