കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ തരംതാഴരുത് എന്നും പദവിക്ക് യോചിച്ചതേ പറയാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചത്.
ആര്‍എസ്എസിനോട് അണികളെക്കാള്‍ ആവേശമാണ് ഗവര്‍ണര്‍ക്ക്. ആര്‍എസ്എസ് ആശയം തന്നെ ജര്‍മ്മനിയില്‍ നിന്ന് വന്നതാണ്, മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കയ്യൂക്കു കൊണ്ട് കാര്യങ്ങള്‍ നേടുന്നവരാണെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാൻ കഴിഞ്ഞു'. പിണറായി വിജയൻ ചോദിച്ചു.
കേരളത്തിന്‍റെ ചരിത്രവും രാജ്യത്തിന്‍റെ ചരിത്രവും അദ്ദേഹം ഉള്‍ക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്മ്യൂണിസ്റ്റുകാര്‍ ക്രൂരമായി വേട്ടയാടപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരുടെ വീടുകയറി അമ്മ പെങ്ങന്‍മാരെ ആക്രമിക്കുക വരെ ഉണ്ടായിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ഒരു കാര്യം മനസിലാക്കണം, വര്‍ഷങ്ങള്‍ പിന്നോട്ടു നോക്കിയാല്‍ അതി നീചമായ വേട്ടക്ക് കമ്മ്യൂണിസ്റ്റുകാര്‍ ഇരയായിരുന്നു എന്നാണ്. അന്ന് ഇരകള്‍ക്ക് ഒപ്പമാണ് കേരളത്തിലെ ജനങ്ങള്‍ നിന്നത്.
കമ്മ്യൂണിസ്റ്റുകാരെ തങ്ങള്‍ക്ക് വേണം എന്നുള്ളത് കൊണ്ടാണ് 1957ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. പുറത്തു നിന്നുവന്ന ആശയത്തോട് പുച്ഛമാണെങ്കില്‍ ജനാധിപത്യത്തോടും പുച്ഛമാകണം, കാരണം ജനാധിപത്യം എന്ന ആശയവും പുറത്ത് നിന്ന് വന്നതാണ്', മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ മാന്യത പുലര്‍ത്തണമെന്നും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.