കണ്ണൂര്‍: പിണറായി വിജയനോട് ക്ഷമാപണം നടത്തി ബർലിൻ കുഞ്ഞനന്തൻ നായർ. പിണറായിക്ക് എതിരെ പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം എന്നാണ് ആഗ്രഹമെന്നും വിഎസ് അച്യുതാനന്ദന്‍റെ ഉറ്റ ചങ്ങാതിയായിരുന്ന ബർലിൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും സമുന്നതനായ നേതാവാണ് പിണറായി വിജയനെന്ന് കാലം തെളിയിച്ചു. പാവങ്ങളുടെ സർക്കാരാകാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. എൽഡിഎഫിന് കേരളത്തിൽ തുടർ ഭരണം ലഭിക്കും. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രി ആകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞു.
വിമര്‍ശനങ്ങളിൽ ചിലത് വ്യക്തിപരമായി പോയെന്നും അതിൽ തെറ്റു പറ്റിയെന്നും ബോധ്യമുണ്ട്. പിണറായിയെ കാണണമെന്നത് ഇപ്പോഴത്തെ അന്ത്യാഭിലാഷമാണ്. ഇത്ര നല്ല മുഖ്യമന്ത്രി കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. പൊളിച്ചെഴുത്ത് എന്ന് പേരിട്ട ആത്മകഥയിൽ പാര്‍ട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും പിന്നീട് തിരുത്തിയിട്ടുണ്ട്. പിണറായിക്കെതിരായ വിമര്‍ശനങ്ങൾ തെറ്റായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് തിരുത്തിയെഴുതിയത്. പിണറായിയെ നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ജീവിത സായാഹ്നത്തിൽ ബാക്കിയുള്ളത്. അത് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കണ്ടാൽ മുൻ നിലപാടുകളുടെ പേരിൽ മാപ്പു പറയുന്നതിൽ എന്താണ് തെറ്റെന്നും ബര്‍ലിൻ ചോദിക്കുന്നു.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ ബര്‍ലിൻ. രണ്ട് കണ്ണിനും കാഴ്ചയില്ല. വാര്‍ത്തയെല്ലാം സഹായികളാണ് വായിച്ചു കൊടുക്കുന്നത്. എന്നാൽ താൻ ചെയ്തതെല്ലാം ശരിയാണ് എന്ന വിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം. ആദർശ ശുദ്ധിയും വിപ്ലവ വീര്യവും ത്യാഗസന്നദ്ധതയും പാർട്ടിക്ക് കൈവന്നു. വലതു പക്ഷ വ്യതിയാനത്തിന് സലാം പറയാനും തന്‍റെ നിലപാടുകൾ കാരണമായെന്ന് ബർലിൻ കൂട്ടിച്ചേർത്തു. സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയ വി.എസ്.അച്യുതാനന്ദന്‍റെ വലംകയ്യായിരുന്നു കുഞ്ഞനന്തൻ നായർ. പാർട്ടിയിൽ ഉന്നത സ്ഥാനത്തൊന്നും ആയിരുന്നില്ലെങ്കിലും മുതിർന്ന നേതാക്കളുമായി കുഞ്ഞനന്തൻ നായർക്ക് ദീർഘകാല ബന്ധമുണ്ടായിരുന്നു. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം ഇഎംഎസിന്‍റെയും വിഎസിന്‍റെയുമെല്ലാം സഹായിയായിരുന്നു.
ജർമനിയിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്‍ററിലും ദീർഘകാലം ഉണ്ടായിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗത്തിന്‍റെ ദത്തു പുത്രനാണെങ്കിൽ വി.എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്‍റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ ‘പൊളിച്ചെഴുത്ത്’ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. വിഎസിനെ അനുകൂലിച്ചതിന്‍റെ പേരിൽ സിപിഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. ഇപ്പോൾ നാറാത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് 94കാരനായ ബർലിൻ കുഞ്ഞനന്തൻ നായർ.