കണ്ണൂർ: തളിപ്പറമ്പ് എളമ്പേരത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന കുന്നുമ്പുറത്ത് വിജേഷിന്‍റെ കെഎല്‍-59-ആര്‍-8156 വാഹനമാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കത്തി നശിച്ചത്. തളിപ്പറമ്പ് ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്.
വാഹന ഉടമയുടെ ഭാര്യ ഷൈല പുലർച്ചെ ഉണർന്നപ്പോഴാണ് വാഹനം കത്തുന്നതായി ശ്രദ്ധയിൽ പെട്ടത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് നാട്ടുകാരെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്.
Also Read: കുണ്ടറയില്‍ കിണർ കുഴിക്കുന്നതിനിടെ അപകടം; നാല് തൊഴിലാളികള്‍ മരിച്ചു
രാത്രിയിലടക്കം ട്രിപ്പ് എടുക്കുന്നതിനാൽ വാഹനത്തിൽ ഫുൾ ടാങ്ക് എണ്ണ നിറച്ച് വച്ചിരുന്നതായും ഉടമ പറയുന്നു. അതും വാഹനം
പൂര്‍ണമായും കത്തിനശിക്കാൻ കാരണമായി. വാഹനത്തിന്‍റെ പേപ്പറുകൾക്ക് പുറമെ റേഷൻ കാർഡ് അടക്കമുള്ള രേഖകളും കത്തി നശിച്ച വാഹനത്തിൽ ഉണ്ടായിരുന്നു.
മൂന്നര ലക്ഷം രൂപയോളം നഷ്‌ടമാണ് കണക്കാക്കുന്നത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്തമല്ല. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐ പി.സി സഞ്ജയ് കുമാർ സംഭവ സ്ഥലത്തി പരിശോധന നടത്തി.