കണ്ണൂർ: ഇന്ത്യൻ അതിർത്തിയിൽ ഉണ്ടായ ചൈനീസ് കടന്നുകയറ്റം ഇന്‍റലിജൻസ് വീഴ്‌ചയാണെന്ന വിമർശനത്തോട് യോജിക്കാനാവില്ലെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരാവനെ. മുൻ കരസേന മേധാവി വി.പി മാലിക്കിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-ചൈന അതിർത്തിയിലെ സേനാ പിന്മാറ്റത്തെ സംബന്ധിക്കുന്ന ചർച്ചകൾ വൈകാതെ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന ഉയർത്തുന്ന ഏത് വെല്ലുവിളിയും നേരിടാൻ സേന സജ്ജമാണ്. മഞ്ഞുകാലത്തെ മുന്നിൽ കണ്ട് കശ്‌മീരിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞ് കയറ്റ ശ്രമമുണ്ട്. രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ മേഖലകളിൽ വിഘടനവാദികളും കള്ളക്കടത്ത് സംഘങ്ങളും സൈന്യത്തിന് വെല്ലുവിളികൾ ഉയർത്തുന്നതായും കരസേന മേധാവി പറഞ്ഞു. ഏഴിമല അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.