കണ്ണൂർ: അയോധ്യ വിധിയിൽ മുസ്ലിം ലീഗിന്റെ മലക്കം മറിച്ചിൽ നേതാക്കളുടെ സങ്കുചിത മനോഭാവം മൂലമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ഈ പ്രസ്താവനയോട് പാണക്കാട് ഷിഹാബ് തങ്ങളുടെ ആത്മാവ് പോലും പൊറുക്കില്ല. ഒവൈസിക്ക് മുസ്ലിങ്ങൾ വോട്ട് ബാങ്കാണ്. ആ നിലപാട് ലീഗ് സ്വീകരിക്കരുതെന്നും എപി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മുഗൾ രാജാക്കന്മാരൊന്നും മുസ്ലീങ്ങൾക്ക് മാതൃകയായിരുന്നില്ല. അക്രമത്തിന്‍റെ പാതയാണ് അവർ സ്വീകരിച്ചത്. ഇസ്ലാമിനെതിരെ മറ്റൊരു മതമുണ്ടാക്കിയ മുഗൾ ചക്രവർത്തിയായിരുന്നു അക്ബറെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധിയെ രാജ്യം സ്വാഗതം ചെയ്തപ്പോൾ കേരളത്തിൽ വിധിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നത് സങ്കുചിത താൽപര്യങ്ങൾ മുന്നിൽ കണ്ടാണ്. വിധിക്കെതിരെ മുസ്ലീം ലീഗ് രംഗത്ത് വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വിധിക്കെതിരെ പ്രകടനം നടത്തിയതും ഗൗരവത്തോടെ കാണണം. ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതിനെതിരെ ജാഗ്രത വേണമെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പറഞ്ഞു.