കണ്ണൂർ: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു-വലതു മുന്നണികൾ മദ്യനിരോധനം ലക്ഷ്യമാക്കി കൊണ്ടുള്ള മദ്യനയം വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം മദ്യ വിരുദ്ധ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മദ്യ വിരുദ്ധ ഏകോപന സമിതി ചെയർമാൻ ഫാ: ചാക്കോ കുടിപ്പറമ്പിൽ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മദ്യ നിരോധനം ആവശ്യപ്പെട്ടു കൊണ്ട് സംഘടന കഴിഞ്ഞ വർഷം മാത്രം കണ്ണൂർ, കാസർകോട് ജില്ലകിൽ 42 പ്രക്ഷോഭങ്ങളാണ് നടത്തിയിട്ടുള്ളത്. നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും മനുഷ്യ സമൂഹത്തെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ലഹരിയെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. ഇതിനായി തലശേരി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി രക്ഷാധികാരിയായും പ്രമുഖ ഗാന്ധിയന്മാരായ പ്രഫ. മുഹമ്മദ് അഹമ്മദ്, മാത്യു എം കണ്ടം, സ്വാമി പ്രേമാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ഏകോപന സമിതിയുടെ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
മദ്യ നിരോധനം എന്ന ലക്ഷ്യത്തിനായി കണ്ണൂർ, കാസർകോട് ജില്ലകളിൽ 280 യൂണിറ്റുകളാണ് പ്രവർത്തിച്ചു വരുന്നത്. ഈ തെരഞ്ഞെടുപ്പിന് മുൻപ് ഇരു മുന്നണികളും മദ്യനയം വ്യക്തമാക്കണം. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സമാന ചിന്താകരുമായി സഹകരിച്ച് സ്ഥാനാർഥികളെ നിർത്തുക തന്നെ ചെയ്യും. ഇതിന്‍റെ മുന്നോടിയായി മദ്യം ഉണ്ടാക്കരുത് വിൽക്കരുത് കുടിക്കരുത് എന്ന ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശത്തിൽ നൂറാം വാർഷിക ദിനമായ 21 ന് തലശേരി ശ്രീ ജഗന്നാഴ ക്ഷേത്രാങ്കണത്തിൽ നേതൃസംഗമം നടക്കും.
രാവിലെ 11.30 ന് അതിരൂപത സഹായ മെത്രാൻ ബിഷപ്പ്. മാർ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്യും. ശ്രീ ഞ്ജാനോദയം പ്രസിഡന്‍റ് അഡ്വ.കെ. സത്യൻ, സ്വാമി പ്രേമാനന്ദ, ആന്‍റണി മേൽ വെട്ടം, ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ലഹരി മുക്ത ദൃഢ പ്രതിഞ്ജയും എടുക്കും. മണ്ഡലം തല കമ്മറ്റി രൂപീകരണവും നടക്കുമെന്നും ഫാ.ചാക്കോ കുടിപ്പറമ്പിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഷിനോ പാറക്കൽ, സുഹൈൽ ചെമ്പന്തൊട്ടി, റെജി വെണ്ണക്കല്ല് എന്നിവരും പങ്കെടുത്തു.