കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്ററുടെ മണ്ഡലമായ തളിപ്പറമ്പ് നാടുകാണിയിൽ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന അനിമൽ സഫാരി പാർക്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Animal Safari Park In Nadukani). നാടുകാണിയിൽ പ്ലാന്‍റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ ആണ് അനിമൽ സഫാരി പാർക്ക് (Nadukani Animal Safari Park) സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന നാടുകാണിയിൽ പദ്ധതിയുമായി ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുമ്പോൾ ആണ് പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫിനു പിന്നാലെ ഇടത് ഘടകക്ഷികളിൽ ഒന്നായ സിപിഐയും രംഗത്തെത്തിയത്.
നാടുകാണിയിലെ സിപിഐ പ്രാദേശിക ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത് (Protest against Nadukani Animal Safari Park). എഐ കാമറ, സ്പ്രിംഗ്ലർ പോലുള്ള വലിയ അഴിമതിയാണ് ഈ പദ്ധതിക്ക് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നുണ്ട്. നാടുകാണിയിൽ പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ 265 ഓളം എക്കർ സ്ഥലത്ത് മൃഗശാലയും സഫാരി പാർക്കും മ്യൂസിയവും സ്ഥാപിക്കാനാണ് പദ്ധതി.
ഏഷ്യയിലെ ഏറ്റവും വലിയ കുറപ്പത്തോട്ടങ്ങളിൽ (കറുവപ്പട്ട) ഒന്നാണ് നാടുകാണിയിലേത്. ഇത് നശിപ്പിച്ച് മൃഗശാല സ്ഥാപിക്കാനുള്ള നീക്കവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നാണ് സിപിഐ ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ കുറ്റപ്പെടുത്തൽ.
കിൻഫ്രയിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ച ശേഷം പന്നിയൂർ കൂവേരി, പടപ്പങ്ങോട്, പ്രദേശങ്ങളിൽ കുടിവെള്ളം ശുദ്ധവായു എന്നിവ മലിനമായിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ നാടുകാണി തോട്ടത്തിലെ മരങ്ങൾ ആശ്വാസമാണ്.
ഇതൊക്കെയും നശിപ്പിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത് എന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. പക്ഷേ ഇതുവരെയും പരസ്യ പ്രതികരണത്തിന് ഇവർ തയ്യാറായിട്ടില്ല.
ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കൃഷിവകുപ്പിൽ നിന്ന് ഭൂമി കൈമാറുന്നത് അടക്കമുള്ള നടപടികൾക്കും വിവിധ വകുപ്പുകളും ആയുളള കൂടിയാലോചനകൾക്കും വേണ്ടി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.
നിലവിൽ തോട്ടത്തിന്‍റെ ഭാഗമായ തൊഴിലാളികൾക്ക് കൂടി സഫാരി പാർക്കിൽ ജോലി ഉറപ്പാക്കി ഭൂമി കൈമാറ്റത്തിനുള്ള എതിർപ്പു മറികടക്കുന്ന കാര്യമാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത് എന്നും ആക്ഷേപമുണ്ട്. മൃഗശാല അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇവിടെ സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
കേന്ദ്ര നിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കർ ഭൂമിയാണ് വേണ്ടത്. സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ ഭൂമി വേണം. മുന്നൂറോളം ഏക്കർ ഉള്ളതാണ് നാടുകാണിയിലെ തോട്ടം ഭൂമി.
ആലക്കോട് സർക്കാർ എസ്‌റ്റേറ്റ് എന്ന ഭൂമി 2023 ഇൽ ആദിവാസികൾക്ക് പതിച്ചു നൽകാനായി സർക്കാർ ഏറ്റെടുത്തിരുന്നു. പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള സ്ഥലത്ത് ഇപ്പോൾ ഔഷധസസ്യങ്ങളാണ് ഏറെയുള്ളത്. ഫല വർഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്.
ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്നതാണ് തോട്ടം. വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകും വിധമാണ് പാർക്ക് വിഭാവനം ചെയ്യുന്നത്.