കണ്ണൂര്‍ : കോതമംഗലം നെല്ലിക്കുഴിയിൽ സുഹൃത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയുടെ മൃതദേഹം കണ്ണൂരിലെത്തിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.
കോതമംഗലത്തേക്ക് തിരിച്ച് പോവുകയായിരുന്ന ആംബുലൻസില്‍, തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ച 2.50 ന് മാഹിപ്പാലത്തിന് സമീപം പരിമടത്തുവച്ചായിരുന്നു അപകടം. ആംബുലന്‍സ് ഡ്രൈവർക്കും സഹായിക്കും സാരമായി പരിക്കേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാനസയുടെ മൃതദേഹം രാവിലെ 7.30 തോടെ കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും കണ്ണൂരിലെ നാറാത്തെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. പയ്യാമ്പലം ശാന്തി തീരം ശ്‌മശാനത്തിലാണ് സംസ്‌കാരം.
Read more: പരിചയം ഇൻസ്റ്റഗ്രാമിലൂടെ, ശല്യമായതോടെ പൊലീസില്‍ പരാതി; കൊലയ്ക്ക് പിന്നില്‍ വൈരാഗ്യം
കഴിഞ്ഞ ദിവസമാണ് ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയെ സുഹൃത്തായ രാഖില്‍ വെടിവച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.
Read more: മാനസ വധം : നാടൊന്നാകെ ഞെട്ടലിലെന്ന് രാഖിലിന്‍റെ അയൽവാസി
മാനസയെ വെടിവച്ച് കൊലപ്പെടുത്താന്‍ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ, അന്വേഷണം കേരളത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിച്ചു. ജൂലൈ 12ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖിൽ പോയതിന്‍റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.