കണ്ണൂർ: തപാൽ വോട്ടിങ്ങിന്‍റെ ഭാഗമായി അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരെ പേരാവൂർ യുഡിഎഫ് സ്ഥാനാർഥി അഡ്വ സണ്ണി ജോസഫിന്‍റെ നേത്യത്വത്തിലുള്ള സംഘം തടഞ്ഞു. സിപിഎം പ്രവർത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേർന്ന് പേരാവൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമിച്ചെന്നാരോപിച്ചാണ് യുഡിഎഫ് സംഘം ഉദ്യോഗസ്ഥരെ തടഞ്ഞത്.
കോൺഗ്രസ് ബൂത്ത് ഏജന്‍റിനെ അറിയിക്കാതെ സിപിഎം ഏജന്‍റിനെ മാത്രം അറിയിച്ച് വോട്ട് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് സണ്ണി ജോസഫ് പറയുന്നു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരും നേതാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും സ്ഥാനാർഥി സണ്ണി ജോസഫ് മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു പരാതി ബോധിപ്പിക്കുകയും ചെയ്തു.