കണ്ണൂർ: വിവാഹ അഭ്യർഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പരിയാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിലാത്തറ ചെറുതാഴത്തെ ആദം വീട്ടിൽ ജെയിംസ് ആന്‍റണിയെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
വിവാഹം കഴിക്കാനായി ജെയിംസ് പലതവണ ശല്യപ്പെടുത്തിയെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. ഇതിൽ പ്രകോപിതനായ പ്രതി പള്ളിയില്‍ പ്രാര്‍ഥനക്കായി പോവുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. 2015 ഡിസംബർ 24ന് രാത്രി പത്ത് മണിയോടെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വിവാഹിതയായിരുന്ന യുവതിക്ക് പ്രതിയുടെ നിരന്തരമായ ശല്യം കാരണം വിവാഹബന്ധം വേർപ്പെടുത്തേണ്ടി വന്നിരുന്നു. ആസിഡ് ആക്രമണത്തിൽ യുവതിയുടെ മകൻ അഭിഷേകിനും പരിക്കേറ്റിരുന്നു.
യുവതിയുടെ പിതാവ് റോബർട്ടിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എ. ഹാരിസാണ് കേസ് പരിഗണിച്ചത്.