കണ്ണൂർ: മയക്ക് മരുന്ന് കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ പ്രതി തടവ് ചാടിയ സംഭവത്തില്‍ സൂചനകളൊന്നും ലഭിക്കാതെ പൊലീസ്. മയക്ക് മരുന്ന് കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന കോയ്യോട് സ്വദേശി ടിസി ഹര്‍ഷാദാണ് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പൊലീസ്(Police Enquiry In Accused Escaped From Central Jail).
ഹര്‍ഷാദിന് സുഹൃത്തുക്കളുള്ള ബംഗളൂരുവിലും ഭാര്യയുടെ നാടായ തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ജനുവരി 9ന് ഹര്‍ഷാദിനെ ജയിലിലെത്തി സന്ദര്‍ശിച്ച സുഹൃത്തിനെ കുറിച്ചും സുഹൃത്തിന്‍റെ കുടുംബത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹര്‍ഷാദിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത് ഇയാളല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം തടവ് ചാട്ടത്തിനുള്ള പദ്ധതി തയ്യാറാക്കിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഹർഷാദിന്‍റെ മറ്റ് സുഹൃത്തുക്കളുടെ വിവരങ്ങളും അന്വേഷണ സംഘം നേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.വിജയകുമാർ സെൻട്രൽ ജയിലെത്തി പരിശോധന നടത്തി.
വെൽഫെയർ ഓഫിസർ, അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർമാർ, ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡോകൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ജയിൽ സൂപ്രണ്ട് ഡോക്‌ടർ പി.വി വിജയനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. തടവുകാരൻ ജയിലിന് പുറത്തിറങ്ങുമ്പോൾ അകമ്പടി നൽകാത്തത് ജയിലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണെന്ന് സൂപ്രണ്ട് വി. വിജയകുമാർ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തില്‍ സൂപ്രണ്ട് വി.വിജയകുമാർ തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ (ജനുവരി 17) ജയിൽ ഡിഐജിക്ക് കൈമാറും. സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വന്‍ വീഴ്‌ചയാണുണ്ടായതെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എട്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ബാക്കിയുള്ള പ്രതിയെ എങ്ങനെ പുറം ജോലികള്‍ ചെയ്യാന്‍ വിട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണയായ തടവ് ശിക്ഷ കാലാവധി പൂര്‍ത്തിയാകാന്‍ കുറച്ച് മാസങ്ങള്‍ മാത്രം ബാക്കി ഉള്ളവരെയാണ് ഇത്തരം ജോലികള്‍ ഏല്‍പ്പിക്കാറുള്ളൂ.
ഹര്‍ഷാദിന്‍റെ ജയില്‍ ചാട്ടം ആസൂത്രിതം: ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (ജനുവരി 14) ജയിലിലെ ഏഴാം നമ്പര്‍ ബ്ലോക്കിലെ തടവുകാരനായ ഹര്‍ഷാദ് തടവ് ചാടിയത്. രാവിലെ 5.30ന് എഴുന്നേറ്റ ഇയാള്‍ ആറരയോടെ വെല്‍ഫെയര്‍ ഓഫിസില്‍ എത്തി. 30 മിനിറ്റ് സമയം ഏതാനും ജോലികള്‍ ചെയ്യുകയും പുറത്തുള്ള പത്രക്കെട്ടുകള്‍ എടുക്കാനെന്ന വ്യാജേന പുറത്തിറങ്ങുകയായിരുന്നു.
ചുറ്റുപാടും നിരീക്ഷിച്ച് ആരുമില്ലെന്ന് മനസിലാക്കിയ ഇയാള്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് പുറത്ത് ബൈക്കുമായി കാത്ത് നിന്ന സുഹൃത്തിനൊപ്പം രക്ഷപ്പെടുകയും ചെയ്‌തു. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ബൈക്ക് താണയിലെത്തിയപ്പോള്‍ ഇടതു ഭാഗത്തേക്കുള്ള റോഡിലൂടെ പോകുകയായിരുന്നു. താണയിലേക്ക് ബൈക്ക് തിരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.