കണ്ണൂര്‍: സുരക്ഷ ഭിത്തി നിര്‍മാണത്തിനിടെ മണ്ണിനടിയില്‍ അകപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയ്‌ക്ക് സാരമായി പരിക്ക്. തലശേരി റസ്റ്റ് ഹൗസിനു സമീപത്തെ ഹോളിവേ റോഡിൻ്റെ സുരക്ഷ ഭിത്തി കെട്ടുന്നതിനിടെ നടന്ന അപകടത്തില്‍ ബിഹാർ സ്വദേശി പിങ്കി(36)യ്‌ക്കാണ് പരിക്കേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച ഉച്ചയ്ക്ക് 3.30 നാണ് സംഭവം. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തൊഴിലാളിയെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തത്. റോഡിൻ്റെ സുരക്ഷ ദിത്തിയുടെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്‌തിരുന്നു. ഇതിന്‍റെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യാനായി ഇരുമ്പ് ഷീറ്റും കമ്പിയും കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്.
കനത്ത മഴയെയും മറികടന്ന് രക്ഷാപ്രവർത്തനം
റസ്റ്റ് ഹൗസിലെ ഡ്രൈവറും തൊഴിലാളികളും ചേർന്ന് പിങ്കിയുടെ കഴുത്ത് വരെയുള്ള മണ്ണ് നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് തലശേരി അഗ്നി രക്ഷ സേനയിലെ മൂന്ന് യൂണിറ്റും കണ്ണൂരിലെ എമർജൻസി റസ്‌ക്യു ടെൻഡർ യൂണിറ്റും ചേർന്ന് രണ്ടര മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുക്കുകയായിരുന്നു. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.