കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്‌താവനയുമായി മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്‌ദുറഹിമാൻ രണ്ടത്താണി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന് രണ്ടത്താണി പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ വിവാദ പ്രസംഗം.
കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്‍റെ സംസ്‌കാരം എങ്ങോട്ട് പോകുമെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ടെന്നും അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണ് ചിലരുടെ ധാരണ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗ രതിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും നാടിന്‍റെ സംസ്‌കാരം? ഇവർക്കാവശ്യം എന്താണ്? മുന്‍ എംഎല്‍എ ചോദിച്ചു.
ധാർമികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്‌ടിക്കപ്പെടരുത്. സ്‌ത്രീയ്‌ക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ടെന്നും പ്രസംഗത്തിൽ അബ്‌ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.