കണ്ണൂർ: ആലക്കോട് റേഞ്ച് പരിധിയിലെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 245 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെടുത്തത്. തളിപ്പറമ്പ് സർക്കിളിലെ പ്രിവന്‍റീവ് ഓഫീസർ എം.വി അഷറഫിന്‍റെ നേതൃത്തിൽ നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെടുത്തത്.
നടുവിൽ പഞ്ചായത്തിലെ പോത്തുകുണ്ട് ഭാഗത്ത് നടത്തിയ റെയ്ഡിൽ കഴിഞ്ഞ ദിവസവും വാഷ് കണ്ടെത്തിയിരുന്നു. അവിടെ നിന്നും നാല് കിലോമീറ്റർ മാറിയുള്ള കുന്നിൻ മുകളിൽ മണ്ണിനടിയിലാണ് ഏഴ് ബാരലുകളിലായി സൂക്ഷിച്ച ചാരായം വാറ്റാൻ പാകപെടുത്തിയ 245 ലിറ്റർ വാഷ് കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമാക്കി തയ്യാറാക്കിയ വാഷാണ് പിടികൂടിയത്. എക്സൈസിന്‍റെ നിരന്തരമായ റെയ്ഡു നടക്കുന്നതിനാൽ വനാതിർത്തിയിലേക്ക് മാറ്റിയതാണ് സൂചന.