കണ്ണൂർ: കർണാടകയിൽ നിന്ന് പച്ചക്കറിയുടെ മറവിൽ ഒളിപ്പിച്ചു കടത്തിയ 155 ലിറ്റർ മദ്യം എക്സൈസ് സംഘം പിടികൂടി. മദ്യം കൊണ്ട് വന്ന മിനി ലോറി ഡ്രൈവർ നാദാപുരം വിഷ്ണുമംഗലം സ്വദേശി രതീഷിനെയും സംഘം അറസ്റ്റ് ചെയ്തു.
ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധയിലാണ് 18 ബോക്സുകളിലാക്കി കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. മിനിലോറിയിൽ പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന മദ്യം ഉയർന്ന വിലക്ക് അനധികൃത വിൽപ്പന നടത്താനാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപകമായ മദ്യക്കടത്താണ് നടന്നു വരുന്നത്.
READ MORE: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍
ലഹരി - മദ്യ കടത്ത് തടയുന്നതിനായി കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ പി സി ഷാജി, കെ സി ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ എം കെ വിവേക്, ടി വി ശ്രീകാന്ത് എന്നിവരും പങ്കെടുത്തു.