ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി ഇടുക്കി യൂത്ത് കോൺഗ്രസ്. പട്ടയം റദ്ദാക്കിയതോടെ മുൻ എംപി ജോയ്‌സ് ജോർജ് കൈയ്യേറ്റക്കാരനാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയും ഇടതുപക്ഷവും നിലപാട് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് ദേവികുളം പൊലീസ് സ്റ്റേഷനിൽ നൽകിയ എട്ട് പരാതികളിലുള്ള അന്വേഷണം ഹൈക്കോടതിയിലാണ്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ഇടുക്കി സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ജോയ്സ് ജോർജ് കൈയ്യേറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശമായിരുന്നു. കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സർക്കാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം ജോയ്സ് ജോർജിന്‍റെ കുടുംബം കൈവശം വച്ചിരുന്ന കൊട്ടക്കമ്പുരിലെ ഭൂമിയുടെ തണ്ടപ്പേര് നമ്പർ ദേവികുളം സബ് കലക്ടർ റദ്ദാക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാത്തതിനാലാണ് നടപടി സ്വീകരിച്ചത്.