ഇടുക്കി: ചിന്നക്കനാലിലെ ആദിവാസി പുനരധിവാസ പദ്ധതിയിലെ അഴിമതിക്കെതിരെ പട്ടികവര്‍ഗ ഏകോപന സമിതിക്കൊപ്പം യൂത്ത് കോണ്‍ഗ്രസും രംഗത്ത്. അഴിമതി പുറത്ത് കൊണ്ടുവരുന്നതിന് നിയമപോരാട്ടം നടത്തുന്ന പട്ടികവര്‍ഗ ഏകോപന സമിതിയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്‌ത് നല്‍കുമെന്നും പ്രതിഷേധവുമായി മുമ്പോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് അരുണ്‍ പറഞ്ഞു.
ചിന്നക്കനാല്‍ വില്ലേജിലെ ആദിവാസി പുനരധിവാസ പദ്ധതിയില്‍ കോടികളുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന പട്ടിക വര്‍ഗ ഏകോപനസമതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ലാണ് വിജിലന്‍സ് അടക്കം അന്വേഷണം ആരംഭിച്ചത്. എന്നാല്‍ വര്‍ഷം രണ്ട് പിന്നിട്ടിട്ടും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പട്ടിക വര്‍ഗ ഏകോപന സമിതി വീണ്ടും രംഗത്തെത്തിയത്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്‌തു. പിന്നാലെയാണ് വിഷയം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസും എത്തിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ 2018ല്‍ ജോയിന്‍റ് ഡയറക്ടര്‍ നേരിട്ടെത്തി അന്വേഷണം നടത്തിയതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും വിജിലന്‍സിന്‍റെ ഭാഗത്തുനിന്നും നടപടി വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആദിവാസികളുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ മുമ്പോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
ചിന്നക്കനാലിലെ ആദിവാസി മേഖലയിൽ ആൾ താമസമില്ലാത്ത സ്ഥലത്ത് കോടികണക്കിന് രൂപയുടെ വികസനം നടത്തിയെന്ന് കാണിച്ച് കോടികൾ തട്ടിയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. പണി തീരാതെ ഉപേക്ഷിച്ച വീടുകള്‍ പോലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി കാണിച്ച് ഫണ്ട് മാറിയതായി വിവരാവകാശ രേഖയും വ്യക്തമാക്കുന്നു.
കൂടുതല്‍ വായനയ്‌ക്ക്: ചിന്നക്കനാല്‍ ഫണ്ട് തട്ടിപ്പിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം