ഇടുക്കി: ശക്തമായ കാറ്റിൽ മരം വീണ് ഇരുചക്ര വാഹന യാത്രികക്ക് പരിക്കേറ്റു. മുരിക്കും തൊട്ടി സ്വദേശിനി കുന്നുംപുറത്ത് റെജി കുര്യനാണ് പരിക്കേറ്റത്. ഖജനാപ്പാറയിൽ നിന്നും മുരിക്കുംതൊട്ടിക്കു പോകവെയാണ് അപകടം. ഗുരുതര പരിക്കുകളോടെ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ബി ഡിവിഷൻ കവലക്ക് സമീപത്തായി ഉണങ്ങി നിന്ന വൻ മരത്തിന്‍റെ ശിഖരം ശക്‌തമായ കാറ്റിൽ റെജിയുടെ പുറത്തേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ആണ് മരച്ചില്ലകൾക്ക് ഇടയിൽ കുടുങ്ങി കിടന്ന റെജിയെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന്‍റെ പിൻഭാഗത്ത് പരിക്കേറ്റ ഇവരെ ആദ്യം രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.