ഇടുക്കി: നാടെങ്ങും കുടി വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വീടുകളിൽ കിണർ നിർമിക്കാൻ മുന്നിട്ടിറങ്ങിയ കുറെ വനിതകളുണ്ട് തൊടുപുഴയിൽ. തൊടുപുഴയ്ക്കടുത്ത് കോടിക്കുളം പഞ്ചായത്തിലെ നാലാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ഈ വനിതകൾ കിണർ നിർമിക്കുന്നത്. 2014-ൽ ആരംഭിച്ച ജോലി എട്ട് വർഷത്തിനിപ്പുറവും ഇവർ തുടർന്നു പോരുകയാണ്.
കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയിൽ പെൺകരുത്തിൽ ഇവർ ഇതിനോടകം നിർമിച്ചത് 42 കിണറുകളാണ്. ഒരുകാലത്ത് പുരുഷന്മാർ കുത്തകയാക്കി വച്ചിരുന്ന ഈ മേഖലയിൽ പുതു ചരിത്രം രചിക്കുകയാണ് കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ ഈ സ്ത്രീകൾ. വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള 12 പേർ അടങ്ങുന്ന തൊഴിലാളികളിൽ 6 പേർ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവർ കിണർ നിർമാണം നടത്തുന്നത്.
വേനൽ കടുത്തതോടെ ആവശ്യക്കാർ ഏറെ: മണ്ണിന്‍റെ ഘടന അനുസരിച്ച് ദിവസവും ഒരു കോൽ മുതൽ രണ്ട് കോൽ വരെ താഴ്‌ചയിൽ മണ്ണെടുക്കും. 7 കോൽ മുതൽ 13 അര കോൽ വരെ ആഴമുള്ള കിണറുകൾ ഇവർ ഇതിനോടകം നിർമിച്ചിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളും ഇവർ തന്നെയാണ് ചെയ്യുന്നത്. രാവിലെ 8 .30 മുതൽ 5 വരെയാണ് ജോലി സമയം. ഷീബ തങ്കച്ചൻ, ലിസി ടോമി, മിനി ബിജു, ഡോളി ഷിജു, ലിസി ഫ്രാൻസിസ്, ലിസി ജോജോ എന്നിവരടങ്ങുന്ന തൊഴിലാളികളാണ് കിണർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
വേനൽ കടുത്തതോടെ കിണർ നിർമിക്കാൻ ആവശ്യക്കാർ ഏറി വരുന്നതായും ഇവർ പറയുന്നു. കിണറുകൾക്ക് പുറമേ മത്സ്യ കുളങ്ങൾ കുഴിക്കുക, മരത്തൈകൾ നടാൻ പരമ്പ് ഒരുക്കുക എന്നിവയും ഈ വനിത സംഘം ചെയ്യാറുണ്ട്. എന്നാല്‍ ഏറെ അധ്വാനം ആവശ്യമുള്ള ഈ ജോലിക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരാള്‍ക്ക് കേവലം 311 രൂപയേ ലഭിക്കുന്നുള്ളൂവെന്നതാണ് ആശങ്കാജനകമായ കാര്യം.