ഇടുക്കി: നെടുങ്കണ്ടം അണക്കരമെട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. മൂന്ന് ഏക്കര്‍ ഭൂമിയിലെ കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മേഖലയില്‍ രണ്ട് ദിവസമായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്.
അണക്കരമെട്ട് സ്വദേശി വിശാഖന്‍ എന്നയാള്‍ പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൃഷിയിടത്തിലെ ഏലച്ചെടികളും വാഴകളും വ്യാപകമായി നശിപ്പിച്ചു. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ അടുക്കളയും തകര്‍ത്തു.
തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍ നിന്ന് എത്തിയ കാട്ടാനക്കൂട്ടമാണ് അണക്കരമെട്ടില്‍ തമ്പടിച്ചിരിക്കുന്നത്. ഏതാനും മാസങ്ങളായി അതിര്‍ത്തി പ്രദേശങ്ങളായ ഉടുമ്പന്‍ചോല, അണക്കരമെട്ട്, നമരി, മാന്‍കുത്തി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
Also read: കനത്ത മഴയ്‌ക്കൊപ്പം കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി സിംഗുകണ്ടത്തെ കര്‍ഷകർ