ഇടുക്കി: കൃഷിയിടത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയില്‍. ഇരട്ടയാർ പുത്തൻപാലം പുത്തൂർ സോജി തോമസിന്‍റെ കൃഷി വിളകൾ വ്യാപകമായി നശിപ്പിച്ചു. കപ്പ, കുരുമുളക്, ചേന, ഏലം, വാഴ തുടങ്ങിയ വിവിധ കൃഷി വിളകളാണ് നശിപ്പിക്കപ്പെട്ടത്. കൊവിഡ് സമയത്ത് കാർഷിക മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കർഷകർക്ക് കാട്ടുപന്നി ശല്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ വിളകൾ നശിപ്പിക്കുന്ന അവസ്ഥയാണ്.
കാട്ടുപന്നികളെ തുരത്തുവാൻ വേണ്ട നടപടിക്രമങ്ങൾ വനം വകുപ്പ്, കൃഷി വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. നെറ്റുകൊണ്ട് വേലികൾ നിർമിച്ച് കാട്ടുപന്നികളുടെ ശല്യം ഒഴിവാക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് ഫലം കാണുന്നില്ലെന്ന് കർഷകർ പറയുന്നു.