ഇടുക്കി: ഹൈറേഞ്ചു മേഖലയിൽ നാളികേര കൃഷിക്ക് വ്യാപക കീടബാധ. വെള്ളീച്ച ശല്യത്തോടൊപ്പം തെങ്ങിന്‍റെ നീര് ഊറ്റിക്കുടിച്ച് തെങ്ങുകളെ നശിപ്പിക്കുന്ന അജ്ഞാത കീടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കർഷകർ പറയുന്നു. ഇതു മൂലം തെങ്ങുകളുടെ വളർച്ച മുരടിച്ച് കായ് ഫലം ഇല്ലാതാവുകയാണ്.
തെങ്ങിന്‍റെ ഓലകള്‍ക്കടിയില്‍ പറ്റിപ്പിടിച്ചിരുന്ന് മുട്ടയിടുകയും അവ വിരിഞ്ഞ് തെങ്ങിന്‍റെ നീര് ഊറ്റി കുടിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി തെങ്ങിന്‍റെ ഇളം മടലുകള്‍ ഉള്‍പ്പടെ നശിക്കുകയാണ്. ഇത്തരത്തിൽ വളര്‍ച്ച മുരടിച്ച് കായ് ഫല ലമില്ലാതെ തെങ്ങ് നശിക്കുകയും ചെയ്യുന്നു. തെങ്ങുകർഷകർക്ക് വന്‍തോതിലുളള സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പുറമേ നാളികേരത്തിന്‍റെ ലഭ്യതക്കുറവും വലിയ രീതിയിൽ ഉണ്ടാവുന്നുണ്ട്. വളരെ ഉയരമുളള തെങ്ങുകളുടെ ഓലകള്‍ക്കിടയില്‍ മരുന്നുതളിക്കുകയെന്നുളളത് ഇടത്തരം കര്‍ഷകനെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. ശക്തിയേറിയ പമ്പ് ഉപയോഗിച്ച് മരുന്ന് തളിക്കല്‍ മാത്രമാണ് ഇതിന് പ്രതിവിധി. അതിന് കൃഷിവകുപ്പ്, നാളികേര വികസന ബോര്‍ഡ് എന്നിവപോലുളള സ്ഥാപനങ്ങളുടെ സഹായം കൂടിയേ തീരൂ.