ഇടുക്കി: മലയാള നാട്ടിലെങ്ങും ഓണാഘോഷങ്ങളുടെ ആരവങ്ങൾ ഉയരുമ്പോൾ ഉപജീവനത്തിനായി മലയാളക്കരയിൽ എത്തിയ അതിഥി തൊളിലാളികളും ഓണത്തെ വരവേൽക്കുകയാണ്. രാജകുമാരി ഗവ.വെക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ കെട്ടിട നിർമാണത്തിനായി എത്തിയ പശ്ചിമബംഗാൾ സ്വദേശികളാണ് സ്‌കൂൾ മുറ്റത്ത് അത്തപൂക്കളം ഒരുക്കി ഓണത്തെ വരവേറ്റത്. ഓണാഘോഷങ്ങൾക്കായി സ്‌കൂളില്‍ എത്തിയ അധ്യാപകരും വിദ്യാർഥികളും സ്‌കൂൾ മുറ്റത്തെ അത്തപൂക്കളം കണ്ട് ഞെട്ടിയിരിക്കുകയാണ്.
നുള്ളിയെടുക്കാൻ പൂക്കൾ ഇല്ലാത്തതിനാൽ രാവിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും വിവിധ വർണ്ണത്തിലുള്ള പൂക്കൾ വാങ്ങിയാണ് ഇവര്‍ സ്‌കൂൾ മുറ്റത്ത് പൂക്കളം ഒരുക്കിയത്. പശ്ചിമബംഗാൾ സ്വദേശികളായി മൈനുൾ മിയ,അഫ്‌സർ മിയ,മൊഫിജുൾ മിയ,റഷിദുൾ മിയ,ഹപ്പിജൂൾ ആലം, ഖുറിഷിദ് ആലം, ജഹിദുൾ മിയ എന്നിവർ ചേർന്നാണ് പൂക്കളം ഒരുക്കിയത്. ഒരു മണിക്കൂർ സമയമെടുത്താണ് ഇവർ പൂക്കളം ഒരുക്കിയത്.
കഴിഞ്ഞ ഏഴ് വർഷക്കലമായി കേരളത്തിൽ ജോലി ചെയ്‌തു വരുന്നവരാണ് ഇവർ. കേരളത്തില്‍ എത്തിയപ്പോള്‍ മുതൽ മലയാളികൾക്ക് ഒപ്പം ഓണാഘോഷത്തിൽ പങ്കുചേരുന്ന തൊഴിലാളികൾക്ക് പ്രളയവും കൊവിഡും ഓണത്തെ കവർന്ന് എടുത്തപ്പോൾ സങ്കടം തോന്നിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. വീണ്ടും ആഘോഷങ്ങൾ തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികളും അതിഥി തൊഴിലാളികളും.